News
സ്വവർഗ്ഗാനുരാഗികൾക്ക് ആശീർവാദം; പുസ്തകം അംഗീകരിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് വത്തിക്കാൻ
പ്രവാചകശബ്ദം 08-05-2026 - Friday
വത്തിക്കാൻ സിറ്റി: സ്വവർഗ്ഗാനുരാഗികളുടെ ബന്ധത്തിന് ആശീർവാദം ഉൾപ്പെടുത്തി ജർമ്മൻ മെത്രാൻ സമിതി പുറത്തിറക്കിയ പുസ്തകത്തിന് വത്തിക്കാന്‍ അംഗീകാരം നിഷേധിച്ചു. സ്വവർഗ്ഗ വിവാഹ ബന്ധത്തിലേർപ്പെടുന്നവർക്ക് ആശീർവാദം നൽകുന്ന പ്രാർത്ഥനയുൾപ്പെടെയുള്ള വിവിധ പ്രാർത്ഥനകളുടെ സമാഹാരമെന്ന നിലയിൽ ജർമ്മൻ മെത്രാൻസമിതി അംഗീകാരം നൽകിയ "ആശീർവാദം സ്നേഹത്തിന് ശക്തി പകരുന്നു" എന്ന പേരിലുള്ള പുസ്തകത്തിനാണ് വത്തിക്കാന്‍ അംഗീകാരം നൽകാതെ സഭയുടെ നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്.
2024 നവംബറിൽ പുസ്തകത്തിന്റെ ഡ്രാഫ്റ്റുമായി ബന്ധപ്പെട്ട് തങ്ങൾ നൽകിയ മറുപടിയ്ക്കപ്പുറം പുതിയൊരു നിർദ്ദേശവും നൽകാനില്ലെന്ന് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ഫെർണാണ്ടസ് വ്യക്തമാക്കി. കൗദാശികമായ വിവാഹത്തെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിധത്തിലുള്ള എല്ലാ കാര്യങ്ങളും ഒഴിവാക്കേണ്ടത് സഭയുടെ ചുമതലയായതിനാൽ, സ്വവർഗ്ഗ ബന്ധത്തിലുള്ളവര്‍ക്ക് ആരാധനാക്രമപരമായോ, സമാന്തര ആരാധനാക്രമമെന്ന രീതിയിലോ ആശീർവാദം നൽകുന്നത് അനുവദിയ്ക്കാനാകില്ലെന്ന, 2023 ഡിസംബറിലെ "ഫിഡൂസ്യ സൂപ്ലിക്കാൻസ്" (Fiducia Supplicans) എന്ന പ്രഖ്യാപനമനുസരിച്ചുള്ള മറുപടിയാണ് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി ആവര്‍ത്തിച്ചിരിക്കുന്നത്.
ജർമ്മനിയിൽ സ്വവർഗ്ഗ വിവാഹത്തിലേർപ്പെടുന്നവർക്ക് ഔപചാരികമായി ആശീർവാദം നൽകുന്നതിന് വേണ്ടി തയ്യാറാക്കിയിരുന്ന പുസ്തകത്തിന്റെ മൂലരേഖയ്ക്ക് മുൻപുതന്നെ വത്തിക്കാൻ അംഗീകാരം നിഷേധിച്ചിരുന്നുവെങ്കിലും, 2025 ഏപ്രിൽ മാസത്തിൽ ഈ പുസ്തകം ജർമ്മൻ മെത്രാൻ സമിതിയുടെയും (DBK) ജർമ്മൻ കത്തോലിക്കരുടെ കേന്ദ്രകമ്മിറ്റിയുടെയും (ZdK) പ്രതിനിധിസംഘത്തിന്റെ അംഗീകാരത്തോടെ പുറത്തിറക്കി. വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജർമ്മൻ മെത്രാൻ സമിതിക്ക് നൽകിയ മറുപടിക്കപ്പുറം പുതുതായി ഒന്നും നൽകാനില്ലെന്ന് ഡിക്കാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ മാനുവേൽ ഫെർണാണ്ടസ് വ്യക്തമാക്കി.
Must Read: സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?
പുസ്തകത്തിന്റെ ഡ്രാഫ്റ്റുമായി ബന്ധപ്പെട്ട്, ജർമ്മൻ മെത്രാൻ സമിതിയുടെ ആരാധനാക്രമകാര്യങ്ങൾക്കായുള്ള കമ്മീഷൻ പ്രസിഡന്റും ട്രെവിരി മെത്രാനുമായ ബിഷപ്പ് സ്റ്റേഫാൻ ആക്കർമാൻ ഉൾപ്പെടെയുള്ള മെത്രാൻസമിതിക്ക് 2025 നവംബർ 12-ന് അനുവദിച്ച കൂടിക്കാഴ്ചയിൽ, ലെയോ പതിനാലാമൻ പാപ്പായുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിച്ച മറുപടിയാണ് വിശ്വാസ സംഘം ആവര്‍ത്തിച്ചിരിക്കുന്നത്. "ഇത് ഏക, അവസാന മറുപടിയെന്ന്" വ്യക്തമാക്കിയിരുന്നുവെന്നും, നിലവിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിനും ഇതേ മറുപടി മാത്രമേ നൽകാനുള്ളൂവെന്നും വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി അദ്ധ്യക്ഷൻ വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു.
ഇക്വറ്റോറിയൽ ഗ്വിനിയിൽനിന്നുള്ള മടക്കയാത്രയിൽ ജർമ്മനിയിൽ സ്വവർഗ്ഗാനുരാഗികളായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ തുനിയുന്നവര്‍ക്ക് നൽകുന്ന ആശീർവാദവുമായി ബന്ധപ്പെട്ട് ഉയർന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സ്വവർഗ്ഗവിവാഹത്തിലേർപ്പെടുന്ന ദമ്പതികളെ ഔപചാരികമായി ആശീര്‍വദിക്കുന്നതിനെ സഭ അംഗീകരിക്കുന്നില്ലെന്നു പാപ്പ വ്യക്തമാക്കിയിരിന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



















