News

28 സ്വിസ് ഗാര്‍ഡുമാര്‍ സത്യപ്രതിജ്ഞ ചെയ്തു; നന്ദി പറഞ്ഞ് പാപ്പ

പ്രവാചകശബ്ദം 07-05-2026 - Thursday

റോം: മാർപാപ്പയുടെയും അപ്പസ്തോലിക കൊട്ടാരത്തിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും സംരക്ഷണചുമതലയുള്ള സായുധ സേനയായ സ്വിസ് ഗാർഡില്‍ ചേര്‍ന്ന 28 പുതിയ സൈനികർ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ലെയോ പാപ്പ, സൈനികരുടെ സ്തുത്യര്‍ഹമായ ശുശ്രൂഷകള്‍ക്ക് നന്ദിയര്‍പ്പിക്കുകയും ചെയ്തു. ഗാർഡിന്റെ കമാൻഡറായ ക്രിസ്റ്റോഫ് ഗ്രാഫ് തന്റെ പ്രസംഗത്തിൽ, ലെയോ പതിനാലാമൻ മാർപാപ്പയുടെ സാന്നിധ്യത്തിന് ആദരവ് അറിയിച്ചു.

പാപ്പയുടെ സാന്നിധ്യം സൈന്യത്തോടുള്ള അടുപ്പത്തിന്റെ വിലപ്പെട്ട അടയാളമാണെന്നാണ് കമാൻഡര്‍ വിശേഷിപ്പിച്ചത്. പോള്‍ ആറാമന്‍ ഹാളിലാണ് സത്യപ്രതിജ്ഞ നടന്നത്. മാർപാപ്പയുടെ സേവനത്തിനും സംരക്ഷണത്തിനും വേണ്ടിയാണ് 28 സൈനികരും ഔപചാരികമായി പ്രതിജ്ഞയെടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന സ്വിസ് ഗാർഡിന്റെ സത്യപ്രതിജ്ഞ ചടങ്ങിലും ലെയോ പാപ്പ പങ്കെടുത്തിരിന്നു.

57 വര്‍ഷങ്ങള്‍ക്ക് ശേഷം ചടങ്ങില്‍ പങ്കെടുക്കുന്ന പത്രോസിന്റെ പിന്‍ഗാമിയെന്ന വിശേഷണം അന്ന് പാപ്പയ്ക്കു ലഭിച്ചു. 1968-ല്‍ പോള്‍ ആറാമന്‍ പാപ്പയ്ക്കു ശേഷം ആദ്യമായാണ് ഒരു മാര്‍പാപ്പ ഈ ചടങ്ങില്‍ പങ്കെടുക്കുന്നത്. 1506ലാണ് വത്തിക്കാൻ സ്വിസ് ഗാർഡിന് രൂപം നൽകിയത്. വളരെ ചെറിയ ഒരു സംഘമാണെങ്കിലും, ലോകത്തിൽ ഏറ്റവും പഴക്കം ചെന്ന ഒരു സൈനിക സംഘമായാണ് സ്വിസ് ഗാർഡുകള്‍ അറിയപ്പെടുന്നത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »