News - 2026
ആഫ്രിക്കയില്‍ ക്രൈസ്തവരെ പിടികൂടി അമുസ്ലീങ്ങള്‍ക്കുള്ള ജിസിയ നികുതി ചുമത്തി; വീഡിയോ പുറത്തുവിട്ട് ഇസ്ലാമിക് സ്റ്റേറ്റ്സ്
പ്രവാചകശബ്ദം 27-04-2026 - Monday
വാഷിംഗ്‌ടണ്‍ ഡി.സി: ഇസ്ലാമിക് സ്റ്റേറ്റ് സെൻട്രൽ ആഫ്രിക്ക പ്രവിശ്യ അംഗങ്ങളായ തീവ്രവാദികൾ പിടികൂടിയ ക്രൈസ്തവരില്‍ നിന്നു അമുസ്ലീങ്ങള്‍ക്കുള്ള ജിസിയ വാങ്ങിയ ശേഷം മോചിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ടു. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടതെന്ന് വാഷിംഗ്‌ടണ്‍ ആസ്ഥാനമായി അറബി, മുസ്ലീം മാധ്യമ നിരീക്ഷണം നടത്തുന്ന മെംമ്രി ടി.വി (മിഡില്‍ ഈസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവാദ ആക്രമണങ്ങള്‍ ഗുരുതരമായ ആഫ്രിക്കയിലെ സുരക്ഷാ ആശങ്കകൾ എടുത്തുകാണിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.
സായുധ തീവ്രവാദികളുടെ നിയന്ത്രണത്തിൽ തടവിലാക്കപ്പെട്ട പൗരന്മാരുടെ ഒരു വലിയ കൂട്ടത്തിന്റെ ദൃശ്യങ്ങൾ ഉള്‍പ്പെടെയാണ് തീവ്രവാദികള്‍ പങ്കുവെച്ചിരിക്കുന്നത്. തടവുകാരെ "ജിസിയ" അടയ്ക്കാൻ നിർബന്ധിതരാക്കിയ ശേഷമാണ് വിട്ടയച്ചതെന്ന് വീഡിയോയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ചില ഇസ്ലാമിക ഭരണ സംവിധാനങ്ങൾ മുസ്‌ലിംകളല്ലാത്തവരുടെ മേൽ ചരിത്രപരമായി ചുമത്തിയിരുന്ന നികുതിയാണിത്. പില്‍ക്കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ്സ് ഇറാഖില്‍ വേരുറപ്പിച്ചപ്പോള്‍ 3 നിബന്ധനകളാണ് മുന്നോട്ടുവെച്ചിരിന്നത്.
2014-ൽ ഇറാഖിലെ മൊസൂൾ നഗരം പിടിച്ചെടുത്ത ശേഷം, തീവ്രവാദി ഗ്രൂപ്പായ ഇസ്‌ലാമിക് സ്റ്റേറ്റ് (ISIS) അവിടുത്തെ ക്രിസ്ത്യാനികളോട് ഇസ്ലാം മതം സ്വീകരിക്കാനോ, അല്ലെങ്കിൽ ജിസിയ എന്ന പേരിൽ 'സംരക്ഷണ നികുതി' നൽകാനോ ആവശ്യപ്പെട്ടിരുന്നു. ഇവ രണ്ടും നിഷേധിക്കുന്നവര്‍ക്ക് വധശിക്ഷയാണ് ഇസ്ലാമിക് സ്റ്റേറ്റ്സ് വിധിച്ചത്. ഇതിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ആഫ്രിക്കയിലും നിലനില്‍ക്കുന്നതെന്ന് സ്ഥിരീകരിക്കുകയാണ് മെംമ്രി ടി.വിയുടെ പുതിയ റിപ്പോര്‍ട്ട്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















