News
അമേരിക്ക ധനസഹായം നല്‍കും: 'ബൊളീവിയയുടെ സിസ്റ്റൈന്‍ ചാപ്പലി'ല്‍ പുനരുദ്ധാരണം
പ്രവാചകശബ്ദം 27-04-2026 - Monday
കുരാഹുവാര: ചുവരുകളും മേൽക്കൂരയും ബൈബിൾ രംഗങ്ങളുടെ കലാസൃഷ്ടികൊണ്ട് ശ്രദ്ധയാകര്‍ഷിച്ച റോമിലെ പ്രശസ്തമായ സിസ്റ്റൈൻ ചാപ്പലിനെ ഓർമ്മിപ്പിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള 'ബൊളീവിയയിലെ സിസ്റ്റൈന്‍ ചാപ്പലി'ല്‍ പുനരുദ്ധാരണം നടത്തുവാന്‍ ഒരുങ്ങുന്നു. നാനൂറു വര്‍ഷം പഴക്കമുള്ള ദേവാലയം രാജ്യത്തിന്റെ പൈതൃക സമ്പത്തായി വിശേഷിപ്പിക്കപ്പെടുന്ന ദേവാലയമാണ്. അമേരിക്കയുടെ ധനസഹായത്തോടെയാണ് ബൊളീവിയയിലെ കുരാഹുവാര ഡി കാരൻഗാസ് പട്ടണത്തിലുള്ള സെന്റ് ജെയിംസ് (സാന്റിയാഗോ) ചാപ്പലില്‍ പുനരുദ്ധാരണം നടത്തുക.
ബൊളീവിയയിലെ ടൂറിസം വികസന ഡെപ്യൂട്ടി മന്ത്രി ആൻഡ്രസ് അരമായോ, ഒറൂറോ ബിഷപ്പ് ക്രിസ്റ്റോബൽ ബിയാലാസിക്, പുനരുദ്ധാരണത്തിന് നേതൃത്വം നൽകുന്ന ആർക്കിടെക്റ്റ് ജോസെഫിന മാറ്റാസ്, യുഎസ് എംബസിയിലെ മിഷൻ മേധാവി ഡെബ്ര ഹെവിയ എന്നിവർ നടത്തിയ പത്രസമ്മേളനത്തിലാണ് ഏപ്രിൽ 21ന് പദ്ധതി പ്രഖ്യാപിച്ചത്. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമ്മിച്ച ചരിത്രപ്രസിദ്ധമായ ദേവാലയത്തിന്റെ പുനരുദ്ധാരണത്തിനായി അമേരിക്ക 66,240 ഡോളറാണ് സംഭാവനയായി നല്‍കുന്നത്.
ബൊളീവിയൻ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ 26 വർഷത്തിലേറെ ചരിത്രമുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സാംസ്കാരിക സംരക്ഷണ ഫണ്ടിൽ നിന്നാണ് ഈ ധനസഹായം നല്‍കുന്നതെന്ന് യുഎസ് പ്രതിനിധി ഹെവിയ പറഞ്ഞു. ദേവാലയം മനോഹരമാണ്. വാസ്തുവിദ്യ ശൈലിയും ചുവർചിത്രങ്ങളും ബൊളീവിയയുടെ കഥ പറയുകയാണ്. ലോകവുമായി പങ്കിടുന്നതിന് അവ സംരക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണെന്നും ബൊളീവിയയുടെ ചരിത്രം സംരക്ഷിക്കേണ്ടതു അനിവാര്യമാണെന്നും ഹെവിയ ചൂണ്ടിക്കാട്ടി. 1587നും 1608നും ഇടയിൽ നിർമ്മിച്ച ദേവാലയം, സമുദ്രനിരപ്പിൽ നിന്ന് 12,788 അടി ഉയരത്തിൽ, ആൻഡിയൻ പ്രവിശ്യയായ സജാമയിലാണ് സ്ഥിതി ചെയ്യുന്നത്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️


















