News

113-ാം ജന്മദിനത്തിന്റെ നിറവില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ

പ്രവാചകശബ്ദം 23-04-2026 - Thursday

ന്യൂയോര്‍ക്ക്: ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീയായി കണക്കാക്കപ്പെടുന്ന കത്തോലിക്ക സന്യാസിനി 113-ാം ജന്മദിനത്തിന്റെ നിറവില്‍. അമേരിക്കയിൽ നിന്നുള്ള ഡൊമിനിക്കൻ സന്യാസിനിയായ സിസ്റ്റർ ഫ്രാൻസിസ് ഡൊമെനിസിയാണ് ചരിത്രം കുറിച്ച് പുതിയ പ്രായത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. 1913 ഏപ്രിൽ 20ന് ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ ജനിച്ച സിസ്റ്റർ ഫ്രാൻസിസ് ഡൊമെനിസി പിസ്കറ്റെല്ല വിശ്വാസം, സ്ഥിരോത്സാഹം, സേവനം എന്നിവയാൽ ജീവിതം അടയാളപ്പെടുത്തിയ വ്യക്തിയാണ്.

1931-ല്‍ പതിനെട്ടാം വയസ്സില്‍ സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ച സിസ്റ്റർ പിസ്‌കാറ്റെല്ല തന്റെ ജീവിതത്തിന്റെ 94 വർഷങ്ങൾ സഭയുടെ സേവനത്തിനായി സമർപ്പിക്കുകയായിരിന്നു. ജീവിതത്തിലുടനീളം തിരുസഭയെ നയിച്ച 9 മാര്‍പാപ്പന്മാര്‍, 20 യുഎസ് പ്രസിഡന്‍റുമാര്‍, രണ്ട് ലോകമഹായുദ്ധങ്ങൾ, എന്നിവയ്ക്ക് സിസ്റ്റര്‍ സാക്ഷ്യം വഹിക്കുവാന്‍ സിസ്റ്റര്‍ക്ക് കഴിഞ്ഞിരിന്നു. ദൈവം നമുക്ക് ജീവിക്കാൻ നിശ്ചിത വർഷങ്ങൾ നൽകുകയാണെന്നും ഈ പ്രായത്തിലെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലായെന്നും 'ഫോക്സ് 5' ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സിസ്റ്റര്‍ പറഞ്ഞു. എന്റെ മനസ്സ് ദൈവത്തിലാണ്. ഈ വർഷങ്ങളിലെല്ലാം അവിടുന്നു എന്നെ താങ്ങിനിർത്തുകയായിരിന്നുവെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് വയസ്സുള്ളപ്പോൾ ഒരു അപകടത്തിൽ കന്യാസ്ത്രീയുടെ ഇടതുകൈയുടെ ഭൂരിഭാഗവും നഷ്ടപ്പെട്ടിരിന്നു. എന്നാല്‍ ഇത് അവളുടെ ദൈവവിളിയെ പിന്തുടരുന്നതിൽ നിന്ന് തടഞ്ഞില്ല. ഒരു കൈ മാത്രമുള്ളത് തന്റെ ശുശ്രൂഷയ്ക്കു ഒരു തരത്തിലും തടസ്സമാകുന്നില്ലെന്ന് തനിക്ക് മറ്റുള്ളവരുടെ മുന്നില്‍ സാക്ഷ്യപ്പെടുത്തുവാന്‍ കഴിഞ്ഞുവെന്നും സിസ്റ്റര്‍ വെളിപ്പെടുത്തി. സമര്‍പ്പിത ശുശ്രൂഷയ്ക്കു ഒപ്പം 52 വർഷം അധ്യാപികയായി സിസ്റ്റര്‍ സേവനം ചെയ്തിരിന്നു. തന്റെ ജീവിതത്തില്‍ പ്രാര്‍ത്ഥനയ്ക്ക് നല്‍കുന്ന പ്രാധാന്യത്തെ കുറിച്ചും സിസ്റ്റര്‍ വിവരിച്ചു. എപ്പോഴും പള്ളിയിൽ ഓടിച്ചെന്ന് പ്രാർത്ഥിക്കാറുണ്ടായിരിന്നുവെന്നും ജീവിതത്തിൽ വിശ്വാസത്തിന്റെ പങ്ക് വളരെ വലുതാണെന്നും സിസ്റ്റര്‍ പറയുന്നു. ബ്രസീലിയൻ കന്യാസ്ത്രീ ഇനാ കനബാരോ ലൂക്കാസിന്റെ മരണശേഷം സിസ്റ്റർ ഫ്രാൻസിസ് ഡൊമെനിസിയാണ് ഏറ്റവും കൂടുതൽ കാലം ജീവിച്ച കന്യാസ്ത്രീ.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »