India - 2026
മാർ റാഫേൽ തട്ടിലിന്റെ സപ്തതി ആഘോഷം മൗണ്ട് സെന്റ് തോമസിൽ നടന്നു
പ്രവാചകശബ്ദം 22-04-2026 - Wednesday
കൊച്ചി: സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ എഴുപതാം ജന്മദിനാഘോഷങ്ങൾ (സപ്തതി) സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. മുൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, കൽദായ സിറിയൻ സഭയുടെ മെത്രാപ്പോലീത്ത മാർ ഔഗിൻ കുര്യാക്കോസ്, സിനഡ് സെക്രട്ടറി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, സിഎംഐ പ്രിയോർ ജനറൽ ഫാ. ഡോ. പോൾ ആച്ചാണ്ടി, ദീപിക ചീഫ് എഡിറ്റർ ഫാ. ഡോ. ജോർജ് കുടിലിൽ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, തിരുഹൃദയ സന്യാസിനീ സമൂഹം സുപ്പീരിയർ ജനറൽ മദർ ഉഷ തുടങ്ങി യവർ സപ്‌തതി ആശംസകൾ നേർന്നു പ്രസംഗിച്ചു.
സീറോ മലബാർ സഭയുടെ പെർമനന്‍റ് സിനഡ് അംഗങ്ങൾ, സഭയുടെ വിവിധ മേഖലകളിൽ നേതൃത്വം വഹിക്കുന്നവർ, ഇതര സഭാതലവന്മാർ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ റോജി എം. ജോൺ, ടി.ജെ. വിനോദ് തുടങ്ങിയവരും ആശംസകളർപ്പിക്കാൻ എത്തിയിരുന്നു. തനിക്കു ലഭിച്ച സ്നേഹാദരങ്ങൾക്കും ദൈവാനുഗ്രഹങ്ങൾക്കും സഭാംഗങ്ങളുടെ പ്രാർത്ഥനയ്ക്കും മറുപടി പ്രസംഗത്തിൽ മാർ റാഫേൽ തട്ടിൽ നന്ദി അറിയിച്ചു.
ക്യാൻഡിൽസ് ബാൻഡിൻ്റെ പ്രാർത്ഥനാഗീതത്തോടെ ആരംഭിച്ച ചടങ്ങിൽ സഭാ ചാൻസലർ ഫാ. ഡോ. ഏബ്രഹാം കാ വിൽപുരയിടത്തിൽ, ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് തോലാനിക്കൽ എന്നിവരും പ്രസംഗിച്ചു. മാർ തട്ടിലിന്റെ ജീവിതത്തെയും ശുശ്രൂഷകളെയും ആസ്‌പദമാക്കി തയാറാക്കിയ 'വാക്കുകൾകൊണ്ട് ഹൃദയത്തെ തൊടുന്നൊരാൾ' എന്ന ഡോക്യുമെൻ്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു. ഈ മാസം 24ന് നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ എന്നിവർക്ക് ആശംസകൾ അർപ്പിച്ചു.

















