India - 2026
"ദൈവകരുണയുടെ പ്രേഷിത മഹാസംഗമം" ചേർത്തലയില്
പ്രവാചകശബ്ദം 07-04-2026 - Tuesday
ചേർത്തല: കേരളത്തിലെ 32 രൂപതകളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന "ദൈവകരുണയുടെ പ്രേഷിത മഹാസംഗമം" പുതുഞായർ ദിനമായ 12ന് മായിത്തറ ഇടവകയുടെ നേതൃത്വത്തിൽ ചേർത്തല സെന്റ് മൈക്കിൾസ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. പുതുഞായർ ദിനാചരണത്തിൻ്റെ ഭാഗമായി ദൈവകരുണയുടെ തിരുനാളായാണ് സംഗമം ആഘോഷിക്കുക. തിരുനാളിനോടനുബന്ധിച്ച് 11നു രാത്രി 12നു തുടങ്ങുന്ന തിരുക്കർമങ്ങൾ 12നു രാത്രി 11.30നു സമാപനശുശ്രൂഷയോടെ സമാപിക്കും.
ഗോഡ്സ് ഓൺ മിഷൻ അൺലിമിറ്റഡ്, ഗ്ലോബൽ ഡിവൈൻ മേഴ്സി ഫൗണ്ടേഷൻ, ദിവീന മിസരികോർദിയ ഇന്റർനാഷണൽ മിനിസ്ട്രീസ് എന്നീ മിഷനുകളുടെ സഹകരണത്തോടെ നടത്തുന്ന തിരുനാളിൽ കേരളസഭയിലെ പിതാക്കന്മാർ, വൈദികശ്രഷ്ഠർ, സന്യസ്തർ, 32 രൂപതകളിലെ അല്മായ പ്രതിനിധികളും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരത്തിൽപ്പരം വിശ്വാസികളും പങ്കെടുക്കും. മഹാസംഗമത്തിൽ ഉയർത്താനുള്ള പതാക സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ ആശീർവദിക്കും.
11ന് അർധരാത്രി 12ന് ദൈവകരുണയുടെ മഹനീയ ദർശനം, 12.15ന് ദിവ്യബലി. മോൺ. ജോയ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിക്കും. 12ന് വൈകുന്നേരം മൂന്നിന് നടത്തുന്ന പൊന്തിഫിക്കൽ തിരുനാൾ ദിവ്യബലിക്ക് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ മുഖ്യകാർമികനാകും. ബിഷപ്പുമാരായ മാർ റെമിജിയോസ് ഇഞ്ചനാനിയൽ, ഡോ. ഗീവർഗീസ് മാർ മക്കാറിയോസ്, ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ, ഡോ. പോൾ ആൻ്റണി മുല്ലശേരി എന്നിവർ നേതൃത്വം നൽകും. വൈകുന്നേരം അഞ്ചിന് ചേരുന്ന പൊതുസമ്മേളനം ആലപ്പുഴ മെത്രാൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം ചെയ്യും. രാത്രി 11.30ന് സമാപനശുശ്രൂഷ.

















