India - 2026

വിശുദ്ധ ദിനങ്ങളിലെ പരീക്ഷ നടത്തിപ്പ് പ്രതിഷേധാർഹം: സീറോ മലബാർ സഭ

പ്രവാചകശബ്ദം 25-03-2026 - Wednesday

കൊച്ചി: ഓശാന ഞായർ, പെസഹ വ്യാഴം, ഈസ്റ്റർ ദിവസങ്ങളിൽ ദേശീയതല പരീക്ഷകളും മറ്റു പരിശീലനപരിപാടികളും നടത്താനുള്ള സർക്കാർ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി സീറോ മലബാർ സഭ. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പവിത്രമായ വിശുദ്ധ ദിവസങ്ങളിൽ പരീക്ഷകൾ ക്രമീകരിക്കുന്നത് ആരാധന സ്വാതന്ത്ര്യത്തിന്റെ നേരിട്ടുള്ള ലംഘനമാണ്. ഇത്തരം തീരുമാനങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആസൂത്രിത നീക്കമായിട്ടാണ് മനസിലാക്കേണ്ടതാണെന്നു സീറോ മലബാർ സഭ ചൂണ്ടിക്കാട്ടി.

ക്രൈസ്തവ വിശ്വാസത്തിൽ ഏറ്റവും പ്രധാനപ്പെട്ട പ്രാർത്ഥനാദിനങ്ങളെ തുടർച്ചയായി സർക്കാർ അവഗണിക്കുന്നത് ഗൗരവമായ വിവേചനമാണ്. ലക്ഷക്കണക്കിനു വിദ്യാർത്ഥികളെയും അധ്യാപകരെയും ഉദ്യോഗസ്ഥരെയും ഒരേപോലെ പ്രതിസന്ധിയിലാക്കുന്ന ഈ നടപടി മതേതര രാജ്യത്തിന്റെ മര്യാദകൾക്കു നിരക്കാത്തതാണ്.

ആരാധനാലയങ്ങളിലെ ശുശ്രൂഷകളിൽ പങ്കെടുക്കാനുള്ള ക്രൈസ്‌തവരുടെ അവകാശത്തെ അവഗണിക്കുന്ന ഇത്ത രം നീക്കങ്ങളിൽനിന്നു ബന്ധപ്പെട്ടവർ പിന്തിരിയണം. ക്രൈസ്തവ സമൂഹത്തിൻ്റെ വികാരങ്ങളെ മാനിച്ചുകൊണ്ട് ഈ ദിവസങ്ങളിലെ പരീക്ഷകളും മറ്റു പരിപാടികളും പുനഃക്രമീകരിക്കാൻ ബന്ധപ്പെട്ട സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും സീറോമലബാർ സഭ ആവശ്യപ്പെട്ടു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »