India - 2026
സാമൂഹ്യസുരക്ഷാ പെൻഷൻ; സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്‌സ്
പ്രവാചകശബ്ദം 30-01-2026 - Friday
കോട്ടയം: മിഷ്ണറിമാർ, മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്ന സന്യാസിമാർ, വൈദികർ, കന്യാസ്ത്രീകൾ തുടങ്ങിയവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയില്ലെന്നും ആരെങ്കിലും പെൻഷൻ കൈപ്പറ്റുന്നുവെങ്കിൽ അവരെ ഗുണഭോക്ത്യ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും നിഷ്‌കർഷിച്ച അന്യായ ഉത്തരവുകൾ തിരുത്തിയ സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്‌സ് പ്രസിഡന്റ് സിസ്റ്റർ ഡോ. ആർദ്ര എസ്ഐസി.
പൗരന്മാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ വിതരണം ചെയ്യുമ്പോൾ ഒരു വിഭാഗത്തെ അവരുടെ മതത്തിൻ്റെയും ജീവിതാവ സ്ഥയുടെയും പേരിൽ ഒഴിവാക്കുന്ന സമീപനം ഭരണഘടനാവിരുദ്ധവും മൗലികാവകാശ ലംഘനവുമാണ്. ഇത്തരമൊരു പ്രഖ്യാപനം വന്നതിനു പിന്നാലെ ക്രൈസ്‌തവ സന്യസ്‌തർ അനർഹമായ ആനുകൂല്യങ്ങൾ കൈപറ്റുന്നു എന്നും സഭ കന്യാസ്ത്രീകളെ സംരക്ഷിക്കുന്നില്ല എന്നും ചിലർ വാദങ്ങൾ ഉയർത്തിയതായി ശ്രദ്ധയിൽപ്പെട്ടു.
അത്തരം വ്യാജ ആരോപണങ്ങൾക്കുള്ള അവസരം ബോധപൂർവം സൃഷ്‌ടിക്കപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്. ക്രൈസ്തവ സന്യസ്‌തരെ മതപ്രവർത്തകർ മാത്രമായി ചിത്രീകരിക്കാൻ ചിലർ കാണിക്കുന്ന ഉത്സാഹം വസ്‌താവിരുദ്ധമാണെന്നും സാമൂഹിക, സാംസ്‌കാരിക, ആതുര വിദ്യാഭ്യാസ സേവനമേഖലകളിലെ സന്യസ്‌തരുടെ സംഭാവനകളെ അവഗണി ക്കാൻ ആർക്കും സാധിക്കില്ലെന്നും സിസ്റ്റർ ഡോ. ആർദ്ര കൂട്ടിച്ചേർത്തു.

















