News

കര്‍ദ്ദിനാളുമാരുടെ സുപ്രധാന കൺസിസ്റ്ററി ജനുവരി 7 മുതല്‍ വത്തിക്കാനില്‍

പ്രവാചകശബ്ദം 23-12-2025 - Tuesday

വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ പാപ്പ ആദ്യമായി വിളിച്ച് ചേര്‍ക്കുന്ന "അസാധാരണ കൺസിസ്റ്ററി" ജനുവരി 7, 8 തീയതികളില്‍ വത്തിക്കാനില്‍ നടക്കും. ലോകമെമ്പാടുമുള്ള കർദ്ദിനാളുമാർ പങ്കെടുക്കുന്ന ഈ സമ്മേളനം ജൂബിലിവർഷത്തിന്റെ സമാപനത്തെത്തുടർന്നാണ് ക്രമീകരിച്ചിരിക്കുന്നത്. സഭയെ നയിക്കുകയെന്ന പരിശുദ്ധപിതാവിന്റെ ഗൗരവമേറിയ ഉത്തരവാദിത്വത്തിൽ സഹായമേകുകയാണ് ഇത്തരം കൺസിസ്റ്ററികൾ കൊണ്ട് സഭ ലക്‌ഷ്യം വയ്ക്കുന്നത്. രണ്ടു ദിനങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ, കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും പങ്കുവയ്ക്കലിനും ധ്യാനത്തിനും പ്രാർത്ഥനയ്ക്കുമായിരിക്കും പ്രാധാന്യം നൽകുകയെന്ന് പരിശുദ്ധ സിംഹാസനം പ്രസ് ഓഫീസിന്റെ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

എപ്പിഫനി തിരുനാളും, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വിശുദ്ധ വാതിൽ അടയ്ക്കുന്നതുമായ ജനുവരി ആറാം തീയതിക്ക് പിറ്റേന്ന് ആരംഭിക്കുന്ന കൺസിസ്റ്ററിയുടെ കൃത്യമായ അജണ്ട ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ കണ്‍സിസ്റ്ററിയ്ക്കു അതീവ പ്രാധാന്യമാണുള്ളത്. സാർവത്രിക സഭയെ ഭരിക്കാനും നയിക്കാനുമുള്ള ശ്രേഷ്ഠവും ഭാരിച്ചതുമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരിശുദ്ധ പിതാവിന് പിന്തുണയും ഉപദേശവും നൽകുന്നതിനും, ഒരുമിച്ചുള്ള വിചിന്തനങ്ങൾക്കുമായിരിക്കും കൺസിസ്റ്ററിയുടെ പ്രവർത്തങ്ങൾ സഹായിക്കുകയെന്ന് പ്രസ് ഓഫീസ് വിശദീകരിച്ചു.

സമ്മേളനം വഴി റോമിന്റെ മെത്രാനായ പാപ്പയും സാർവ്വത്രികസഭയുടെ നന്മയ്ക്കും സഭയോടുള്ള കരുതലിനും വേണ്ടി പ്രത്യേകമായി സഹകരിക്കാനായി വിളിക്കപ്പെട്ടിട്ടുള്ള കർദ്ദിനാളുമാരുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ കൂടിയാണ് കൺസിസ്റ്ററി വഴി ലക്ഷ്യമിടുന്നതെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി.

റോമിൽ താമസിക്കുന്ന കർദ്ദിനാളുമാർ മാത്രം പങ്കെടുക്കുന്നതും, ആചാരപരമായ സ്വഭാവമുള്ളതും, സുപ്രധാനതീരുമാനങ്ങൾക്ക് വേണ്ടിയല്ലാത്തതുമായ "സാധാരണ" കൺസിസ്റ്ററി; സഭാപരമായ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനുവേണ്ടി, ലോകമെങ്ങുമുള്ള കർദ്ദിനാൾസംഘത്തിന്റെ അഭിപ്രായം സ്വീകരിക്കുന്നതിനുവേണ്ടി, അവരുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന "അസാധാരണ" കൺസിസ്റ്ററി എന്നിങ്ങനെ രണ്ടു വിധത്തിലുള്ള കൺസിസ്റ്ററികളാണ് സഭയിലുള്ളത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »