News - 2026

തിരുപ്പിറവി ദിനത്തിൽ രണ്ടര ലക്ഷം പേർക്ക് ഭക്ഷണം വിതരണം ചെയ്ത് കത്തോലിക്ക സംഘടന

പ്രവാചകശബ്ദം 29-12-2025 - Monday

റോം: ക്രിസ്തുമസ് ദിനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ദുരിതമനുഭവിക്കുന്നവരും, അഭയാർത്ഥികളുമായ രണ്ടര ലക്ഷം പേർക്ക് സാന്ത് എജീദിയോ കത്തോലിക്ക സംഘടന ഭക്ഷണം വിളമ്പി. ഇറ്റലിയിൽ മാത്രം എൺപതിനായിരം ആളുകൾക്കാണ് സംഘടന അന്നം വിളമ്പിയതെന്ന് സംഘടന കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, സന്നദ്ധപ്രവർത്തകരും, ഭവനരഹിതരും, ഒറ്റയ്ക്ക് ജീവിക്കുന്ന വയോധികരും, മാനവിക ഇടനാഴികൾ വഴി എത്തിയ അഭയാർത്ഥികളും ഉൾപ്പെടുന്ന രണ്ടര ലക്ഷത്തോളം ആളുകൾക്കാണ് തിരുപിറവി ദിനത്തില്‍ സഹായം നല്‍കിയത്.

ഉച്ചഭക്ഷണവിതരണത്തിന്റെ ഭാഗമായി ഇറ്റലിയിൽ, റോമിലെ ത്രസ്തേവരെയിൽ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ഒരു ദേവാലയത്തിലുൾപ്പെടെ, എൺപതിനായിരം ആളുകൾക്കാണ് സംഘടന അന്നം വിളമ്പിയത്. വേദനയനുഭവിക്കുന്ന എല്ലാവരും ഒരു കുടുംബത്തിന്റെ ഭാഗമാണെന്നും ഓർമ്മിപ്പിക്കുന്നതായിരുന്നു ക്രിസ്തുമസ് ദിനത്തിലെ ഈ ഭക്ഷണവിതരണമെന്ന്, പത്രക്കുറിപ്പിലൂടെ സംഘടന പ്രസ്താവിച്ചു.

ശബ്ദമില്ലാത്തവരും സ്വന്തമായി കിടപ്പിടമില്ലാത്തവരുമായ മനുഷ്യർ ഒന്നിച്ച് വന്നത്, ഏവരുടെയും പ്രത്യാശയെ ശക്തിപ്പെടുത്തുന്നതാണെന്നും, ഇന്നത്തെ ലോകത്തിന് ആവശ്യമുള്ള സമാധാനത്തിന്റെ സന്ദേശം കൂടിയാണ് ഇതെന്നും, സംഘടനയുടെ സ്ഥാപകനായ അന്ദ്രെയാ റിക്കാർദി പറഞ്ഞു. ക്രിസ്തുമസ് ദിനത്തിലും വർഷം മുഴുവനും, നഗരത്തിൽ ആരും ഒറ്റയ്ക്ക് ഉപേക്ഷിക്കപ്പെടുന്നില്ലെന്നും, അവഗണിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കുന്നതിനായി സംഘടന ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് റോം നഗരത്തിന്റെ മേയർ റൊബെർത്തോ ഗ്വൽത്തിയേരി നന്ദി പറഞ്ഞു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »