News - 2026
തെരുവിൽ കഴിയുന്ന പാവങ്ങൾക്ക് വത്തിക്കാനിൽ വീണ്ടും വിരുന്നൊരുക്കി
പ്രവാചകശബ്ദം 09-12-2025 - Tuesday
വത്തിക്കാന്‍ സിറ്റി: ക്രിസ്തുമസിനോട് അനുബന്ധിച്ച് വത്തിക്കാൻ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ ചത്വരത്തിനു സമീപം പ്രത്യേകം തയാറാക്കിയ ഇടത്ത് തെരുവിൽ കഴിയുന്ന പാവങ്ങൾക്ക് അത്താഴവിരുന്നു നൽകി. പാവപ്പെട്ടവരോടും, സമൂഹത്തിൽ ഒറ്റപ്പെട്ടവരായവരോടും സഭയുടെ മാതൃക വീണ്ടും പ്രകടമാക്കിക്കൊണ്ടാണ് ഇക്കഴിഞ്ഞ ഡിസംബർ ഏഴാം തീയതി, ഞായറാഴ്ച തെരുവിൽ കഴിയുന്ന പാവങ്ങൾക്ക് അത്താഴവിരുന്നു നൽകിയത്. ഏകദേശം നൂറ്റിയിരുപതോളം പാവങ്ങള്‍ അത്താഴവിരുന്നിൽ പങ്കാളികളായി. വത്തിക്കാൻ ബസിലിക്കയുടെ അടുത്തുള്ള വിവിധ ഭക്ഷണശാലകൾ നൽകിയ പങ്കാളിത്തത്തോടുകൂടിയാണ്, വിരുന്നു സാധ്യമാക്കിയത്.
വത്തിക്കാന്റെ പരിസരത്തു തെരുവിൽ അന്തിയുറങ്ങുന്ന വിവിധ ആളുകൾ, സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറുവാൻ ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ ഒരുമിച്ചുള്ള ഭക്ഷണവിരുന്നുകളിൽ പങ്കെടുക്കുവാൻ അവർക്കുള്ള ആഗ്രഹം നിറവേറ്റുന്നതിനാണ്, ഇത്തരത്തിൽ വത്തിക്കാൻ വിവിധ ഭക്ഷണ വിരുന്നുകൾ നടത്തുന്നതെന്നു പരിശുദ്ധ പിതാവിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി പങ്കുവച്ചു. നിരവധി സന്നദ്ധപ്രവർത്തകർ അത്താഴവിരുന്നിനു നേതൃത്വം നല്‍കി.
വിരുന്നിന്റെ അവസരത്തിൽ സംഗീത കച്ചേരിയും, നൃത്തവും സംഘടിപ്പിച്ചു. വിരുന്നിൽ പങ്കെടുത്തവർ അവരുടെ ജീവിതത്തിന്റെ കയ്‌പേറിയ അനുഭവങ്ങൾ പങ്കുവെച്ചിരിന്നു. പാവപ്പെട്ടവരായ സഹോദരങ്ങളും, സഭയുടെ ഭാഗം തന്നെയാണെന്നുള്ള സത്യം എടുത്തു പറയുന്നതാണ് ഈ വിരുന്നെന്നും അത് സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമാണെന്നും കർദ്ദിനാൾ കോൺറാഡ് എടുത്തു പറഞ്ഞു. ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ പാവങ്ങള്‍ക്കായുള്ള ആഗോള ദിനത്തോടനുബന്ധിച്ച് ദാരിദ്ര്യവും സാമൂഹിക അകൽച്ചയും അനുഭവിക്കുന്ന ആയിരത്തിമുന്നൂറിലധികം പേര്‍ക്ക് വത്തിക്കാന്‍ വിരുന്ന്‍ ഒരുക്കിയിരിന്നു. ഇവരോടൊപ്പം ലെയോ പതിനാലാമൻ പാപ്പയും ഉച്ചഭക്ഷണം കഴിച്ചിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















