News
പാവങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ലെയോ പതിനാലാമൻ പാപ്പ
പ്രവാചകശബ്ദം 17-11-2025 - Monday
വത്തിക്കാന്‍ സിറ്റി: ദാരിദ്ര്യവും സാമൂഹിക അകൽച്ചയും അനുഭവിക്കുന്ന ആയിരത്തിമുന്നൂറിലധികം പേരോടൊപ്പം ഉച്ചഭക്ഷണം കഴിച്ച് ലെയോ പതിനാലാമൻ പാപ്പ. പാവങ്ങള്‍ക്കായുള്ള ആഗോള ദിനത്തോടനുബന്ധിച്ച് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിലാണ് വിരുന്നു ഒരുക്കിയിരിന്നത്. വിൻസെൻഷ്യൻ മിഷ്ണറിമാരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പാസ്ത വിഭവമായ ലസാഗ്ന, ബ്രെഡ് വിഭവങ്ങള്‍, ചിക്കൻ, പരമ്പരാഗത ഇറ്റാലിയൻ ഡെസേർട്ട് ബാബ എന്നിവ ഉച്ചഭക്ഷണത്തിനിടെ സന്നദ്ധ പ്രവര്‍ത്തകര്‍ വിളമ്പി. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയായിരിന്നു വിരുന്നുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഒരുക്കിയിരിന്നത്.
ഭക്ഷണം നൽകുക മാത്രമല്ല, ഓരോ അതിഥിക്കും സ്വാഗതത്തിന്റെയും പരിചരണത്തിന്റെയും അനുഭവം സൃഷ്ടിക്കുക എന്നതായിരിന്നു തങ്ങളുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. ഭക്ഷണത്തിനുശേഷം ഏറ്റവും ദുർബലരായവർക്കുള്ള നല്‍കിക്കൊണ്ടിരിക്കുന്ന സേവനത്തിന് വിൻസെൻഷ്യൻ കുടുംബത്തോട് പാപ്പ നന്ദി അറിയിച്ചു. ഇപ്പോൾ നമുക്ക് ലഭിക്കുന്ന ഈ ഉച്ചഭക്ഷണം ദൈവാനുഗ്രഹമാണെന്നും വിൻസെൻഷ്യൻ സമൂഹത്തിന്റെ വലിയ ഔദാര്യവും നൽകുന്നതാണെന്നും അവരോട് നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും പാപ്പ പറഞ്ഞു. തന്റെ മുൻഗാമിയായ ഫ്രാന്‍സിസ് പാപ്പ സ്ഥാപിച്ച, ഒരു ദിവസം പാവങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞതിലുള്ള തന്റെ സന്തോഷവും പാപ്പ പങ്കുവെച്ചു.
2016-ലാണ് ദരിദ്രരോടുള്ള തന്റെ അനുകമ്പയുടെ പ്രതീകമായി ആഗോള ദരിദ്രര്‍ക്കായുള്ള ദിനം ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചത്. എല്ലാ വർഷവും ക്രിസ്തുവിന്റെ രാജത്വ തിരുനാളിന് ഒരാഴ്ച മുന്‍പാണ് ആചരണം നടക്കുന്നത്. റോമിലെ ദരിദ്രരെ വത്തിക്കാനിലേക്ക് തന്നോടൊപ്പം ഭക്ഷണം കഴിക്കാനും അവരുമായി സമയം ചെലവിടുവാനും പാപ്പ ഈ ദിവസം മാറ്റിവെക്കാറുണ്ട്. ചികിത്സ സഹായവും മറ്റും നല്‍കുന്നതും ആചരണത്തിന്റെ ഭാഗമാണ്. കഴിഞ്ഞ വർഷം, ഇതേ ദിനത്തില്‍ വത്തിക്കാന്‍ പോൾ ആറാമൻ ഹാളില്‍ ഏകദേശം 1300 പേര്‍ക്ക് ഒപ്പം ഫ്രാന്‍സിസ് പാപ്പ ഉച്ചഭക്ഷണം കഴിച്ചിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?


















