India - 2026

കൊച്ചി - മുസിരിസ് ബിനാലെയിൽ ഇതാദ്യമായി മലയാളി സന്യാസിനിയുടെ കലാസൃഷ്‌ടികളും

പ്രവാചകശബ്ദം 08-12-2025 - Monday

കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാമേളയെന്ന് അറിയപ്പെടുന്ന കൊച്ചി - മുസിരിസ് ബിനാലെയിൽ ഇതാദ്യമായി ഒരു മലയാളി സന്യാസിനിയുടെ കലാസൃഷ്‌ടികളും. സിഎംസി അങ്കമാലി മേരിമാതാ പ്രോവിൻസിലെ സിസ്റ്റർ റോസ്‌വിൻ ആണ് വിഖ്യാതമായ ബിനാലെയിൽ സവിശേഷസാന്നിധ്യമാകുന്നത്. സിസ്റ്ററുടെ കരവിരുതിൽ പിറവിയടുത്ത വിവിധ പെയിൻ്റിംഗുകളും ശില്പങ്ങളും ബിനാലെയിൽ പ്രദർശനത്തിനെത്തും. ആറാം പതിപ്പിലെത്തിനിൽക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സന്യാസിനിയുടെ കലാസൃഷ്‌ടികൾ ആഗോള ശ്രദ്ധയിലെത്തുക.

തൃപ്പൂണിത്തുറ ആർഎൽവി ഗവ. കോളജ് ഓഫ് ഫൈൻ ആർട്സിൽ ശില്പനിർമാണത്തിൽ ബിഎഫ്എ പൂർത്തിയാക്കിയ സിസ്റ്റർ 2022 മുതൽ കലാപ്രദർശനങ്ങളുമായി രംഗത്തുണ്ട്. സിസ്റ്ററുടെ പെയിന്റ്റിംഗുകളും ശില്പങ്ങളും ഉൾപ്പെടുത്തി കേരള ലളിതകലാ അക്കാദമി, ആർഎൽവി കോളജ്, എറണാകുളം ദർബാർ ഹാൾ എന്നിവിടങ്ങളിലായി നടന്ന വിവിധ കലാപ്രദർശനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനുഷ്യജീവിതത്തിൻ്റെ വിവിധ ഭാവങ്ങളെ ശില്പങ്ങളിലൂടെയും നിറങ്ങളിലൂടെയും വ്യത്യസ്ത‌മായി ആവിഷ്‌കരിക്കുന്നതാണ് സിസ്റ്റർ റോസ്‌വിന്റെ സൃഷ്‌ടികൾ.

കലയുടെ നിർമലമായ ആവിഷ്‌കാരത്തിനൊപ്പം മാനവികതയും മാനുഷികമൂല്യങ്ങളും വിനിമയം ചെയ്യാനുള്ള മാർഗമായാണ് വരകളെയും വർണങ്ങളെയും ശില്പനിർമിതികളെയും കാണുന്നതെന്നും ബിനാലെയുടെ ഭാഗമാകാനായത് അഭിമാനകരമാണെന്നും സിസ്റ്റർ സിസ്റ്റർ റോസ്‌വിൻ പറഞ്ഞു. ചൊവ്വര കാർമൽ നൊവിഷ്യേറ്റ് മഠാംഗമായ സിസ്റ്റർ, സൈക്കോ സ്‌പിരിച്വൽ കൗൺസിലിംഗിലും സോഷ്യോളജിയിലും ഉന്നതപഠനം നടത്തിയിട്ടുണ്ട്.


Related Articles »