India

ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരി സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചു

പ്രവാചകശബ്ദം 28-11-2025 - Friday

തകിടി: കുന്നോന്നി തകിടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയോടനുബന്ധിച്ച് സ്ഥാപിതമായിരിക്കുന്ന സഹദേക്കുന്ന് ദയറായിൽ ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരി സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചു. 'സെബാസ്ത്യാനോസ് ദ് സ്ലീവാ' എന്ന പേരിൽ ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരിയെ മാർ ജോസഫ് കല്ലറങ്ങാട്ട് വേർതിരിച്ചു വിശുദ്ധീകരിച്ചു. നല്ലതണ്ണി മുറിഞ്ഞപുഴ മാർത്തോമാ ശ്ലീഹാ ദയറയിലെ സന്ന്യാസധിപൻ ഡോ. സേവ്യർ കൂടപ്പുഴ അച്ചന്റെ കീഴിൽ ഒരു വർഷത്തെ കാനോനിക നോവിഷ്യേറ്റ് പൂർത്തിയാക്കിയ വൈദികനാണ് ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരിയിൽ. സന്ന്യാസ ജീവിതത്തിന്റെ പൊതുജീവിതശൈലികൾ പിന്തുടർന്നു കൊണ്ടായിരിക്കും അച്ചൻ ഇവിടെ ആശ്രമജീവിതം ആരംഭിക്കുന്നത്.

രൂപതാധ്യക്ഷന്റെ മുൻപിൽ ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ വ്രതങ്ങൾ പാലിച്ചു കൊള്ളാമെന്നു വാഗ്ദാനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ സന്ന്യാസജീവിതത്തിലേക്ക് പ്രവേശിച്ചത്. ഈ ജീവിതശൈലിയാൽ ആകർഷിക്കപ്പെടുന്നവർക്ക് അതിലേക്ക് പ്രവേശനം നൽകുവാനും നോവിഷ്യേറ്റ് നൽകാനുമുള്ള അവകാശം അച്ചന് ഉണ്ട്. വിശുദ്ധ രക്തസാക്ഷികളുടെ ദയറാ എന്നർത്ഥം നൽകുന്ന 'ദയറാ ദ് സഹദേ കന്തീശേ' എന്നായിരിക്കും അച്ചൻ താമസിക്കുന്ന സ്ഥലം അറിയപ്പെടുന്നത്.

ഇപ്പോൾ പൂർണ സന്ന്യാസാശ്രമം ആയിട്ടല്ല സഹദേക്കുന്ന് പ്രവർത്തിക്കുന്നതെങ്കിലും ഭാവിയിൽ പൂർണ്ണ മൊണാസ്റ്റിക് ജീവിതശൈലി പിന്തുടരുന്ന ദയറയായി ഇത് മാറ്റപ്പെടും. മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിൽ തകിടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽവച്ച് തിരുക്കർമ്മങ്ങൾ നടത്തപ്പെട്ടു. പാലാ രൂപതയുടെ ദ്വിതീയമെത്രാനായ മാർ ജോസഫ് പള്ളിക്കാപറമ്പിൽ സഹകാർമികനായി ശുശ്രൂഷകളിൽ സംബന്ധിച്ചു.

നല്ലതണ്ണി മാർതോമ്മാശ്ലീഹാ ദയറയുടെ ആശ്രമാധിപൻ ഡോ. സേവ്യർ കൂടപ്പുഴ, പാലാ രൂപതയുടെ മുഖ്യ വികാരി ജനറാൾ ഡോ ജോസഫ് തടത്തിൽ, മറ്റു വികാരി ജനറൽമാരായ ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, പ്രോക്യൂറേറ്റർ ഡോ. ജോസ് മുത്തനാട്ട്, ഡോ. കുര്യൻ മുക്കാംകുഴി, ഫൊറോന വികാരിമാർ, വാഗമൺ കുരിശുമല ആശ്രമവാസികൾ, നല്ലതണ്ണി ആശ്രമവാസികൾ, മറ്റ് വൈദികർ, സന്യാസഭവനങ്ങളിലെ പ്രൊവിൻഷ്യൽസ്, സിസ്റ്റേഴ്സ്, തകിടി ഇടവകാംഗങ്ങൾ എന്നിവർ തിരുക്കർമ്മങ്ങളിൽ സംബന്ധിച്ചു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »