News - 2026
ക്രൈസ്തവര്‍ പ്രദേശത്തിന്റെ അനിവാര്യ ഭാഗം: ജോര്‍ദാന്‍ രാജകുടുംബാംഗം ഹസ്സൻ ബിൻ തലാൽ
പ്രവാചകശബ്ദം 17-11-2025 - Monday
അമ്മാൻ: പൗരസ്ത്യ ക്രൈസ്തവര്‍ പ്രദേശത്തിന്റെ അനിവാര്യ ഭാഗമാണെന്നു ജോർദാനിലെ പ്രമുഖ രാജ കുടുംബാംഗവും നിലവിലെ രാജാവായ അബ്ദുള്ള രണ്ടാമൻ രാജാവിന്റെ അമ്മാവനുമായ പ്രിൻസ് ഹസ്സൻ ബിൻ തലാൽ. പ്രദേശത്തിന്റെ ചരിത്രം, സംസ്കാരം, സ്വത്വം എന്നിവയുടെ അവിഭാജ്യവും ആധികാരികവുമായ ഘടകമാണ് ക്രൈസ്തവരെന്നും അദ്ദേഹം പറഞ്ഞു. ബസ്മാൻ അൽ-സഹേർ കൊട്ടാരത്തിൽ നടന്ന ഇന്റർനാഷണൽ പാർലമെന്ററി സൊസൈറ്റി ഓർത്തഡോക്സ് സമ്മേളനത്തിൽ പങ്കെടുക്കുന്ന സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഹസ്സൻ രാജാവ് ഈ പരാമർശങ്ങൾ നടത്തിയത്.
സമൂഹത്തിലെ വിവിധ ഘടകങ്ങൾ തമ്മിലുള്ള അർത്ഥവത്തായ സംഭാഷണം ഒരു തെരഞ്ഞെടുപ്പല്ല, മറിച്ച് സമാധാനവും സഹവർത്തിത്വവും സംരക്ഷിക്കുന്നതിനുള്ള അടിയന്തര ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പരസ്പര അംഗീകാരം, വ്യത്യാസങ്ങളോടുള്ള ബഹുമാനം, മനുഷ്യാന്തസ്സ് സംരക്ഷണം എന്നിവയിൽ നിന്നാണ് സുസ്ഥിര സമാധാനം ആരംഭിക്കുന്നതെന്ന് അദ്ദേഹം അടിവരയിട്ടു. നീതിയുടെ അഭാവവും അനീതിയുടെ തുടർച്ചയും തീവ്രവാദത്തിനും സാമൂഹിക വിഘടനത്തിനും വളക്കൂറുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കൗൺസിൽ വൈസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഇയാദ് അൽ-തവാൽ, ഉള്‍പ്പെടെയുള്ളവര്‍ പ്രതിനിധി സംഘത്തിലുണ്ടായിരിന്നു. മതാന്തര സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനും, മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കുന്നതിനും, മേഖലയിലെ സഹവർത്തിത്വത്തിന്റെ മൂല്യങ്ങൾ ഏകീകരിക്കുന്നതിനുമുള്ള വിഷയങ്ങളാണ് പരിപാടിയ്ക്കിടെ ചര്‍ച്ച ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ അപ്പസ്തോലിക് കൊട്ടാരത്തിൽ അബ്ദുള്ള രാജാവ് ലെയോ പാപ്പയെ സന്ദര്‍ശിച്ചിരിന്നു. ജോർദാനിലെ ക്രിസ്ത്യൻ സ്ഥലങ്ങൾ, പ്രത്യേകിച്ച് യേശുക്രിസ്തുവിന്റെ സ്നാന സ്ഥലം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















