News - 2026

അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍ സമിതിയ്ക്കു പുതിയ നേതൃത്വം

പ്രവാചകശബ്ദം 12-11-2025 - Wednesday

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ അധ്യക്ഷനായി ആർച്ച് ബിഷപ്പ് പോൾ കോക്ലിയെ തെരഞ്ഞെടുത്തു. ഇന്നലെ നവംബർ 11ന് നടന്ന പ്ലീനറി അസംബ്ലിയില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഒക്ലഹോമ അതിരൂപതാധ്യക്ഷനായ ആർച്ച് ബിഷപ്പ് പോൾ കോക്ലിയെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ടെക്സസിലെ ബ്രൗൺസ്‌വില്ലെ ബിഷപ്പ് ഡാനിയേൽ ഫ്ലോറസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡന്റ് ആർച്ച്ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോയുടെ മൂന്ന് വർഷത്തെ കാലാവധി അവസാനിച്ച ഒഴിവിലേക്കാണ് എഴുപതുകാരനായ ആർച്ച്ബിഷപ്പ് കോക്ലി നിയമിതനായിരിക്കുന്നത്.

പ്ലീനറി സമ്മേളനത്തിന്റെ സമാപനത്തോടെ പുതിയ അധ്യക്ഷന്റെ കാലാവധി ആരംഭിക്കും. 10 സ്ഥാനാർത്ഥികളിൽ നിന്നാണ് ആര്‍ച്ച് ബിഷപ്പ് കോക്ലി ലോകത്തെ ഏറ്റവും വലിയ മെത്രാന്‍ സമിതികളില്‍ ഒന്നായ യു‌എസ് മെത്രാന്‍ സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 70 വയസ്സുള്ള ആർച്ച്ബിഷപ്പ് കോക്ലി, യു‌എസ് മെത്രാന്‍ സമിതിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1983 ൽ വിചിത രൂപത വൈദികനയാണ് തിരുപ്പട്ടം സ്വീകരിച്ചത്. 2004-ൽ സലീന ബിഷപ്പായും പിന്നീട് 2010 ൽ ഒക്ലഹോമ സിറ്റി ആർച്ച് ബിഷപ്പായും നിയമിക്കപ്പെട്ടിരിന്നു.

അറുപത്തിനാല് വയസ്സുള്ള ബിഷപ്പ് ഫ്ലോറസ്, അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ കീഴിലുള്ള ഉപദേശ സമിതിയുടെ മുൻ പ്രസിഡന്റാണ്. സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റിന്റെ ഓർഡിനറി കൗൺസിലിൽ സേവനമനുഷ്ഠിച്ച 12 മെത്രാന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ആർച്ച് ബിഷപ്പുമാർ, ബിഷപ്പുമാർ, സഹായ മെത്രാന്‍മാര്‍ എന്നിവരുൾപ്പെടെ 270-ലധികം മെത്രാന്‍മാര്‍ അമേരിക്കയില്‍ ഉടനീളം സേവനം ചെയ്യുന്നുണ്ട്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »