News - 2026
2026-ല്‍ അമേരിക്കയെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കുവാന്‍ ദേശീയ മെത്രാന്‍ സമിതിയുടെ തീരുമാനം
പ്രവാചകശബ്ദം 12-11-2025 - Wednesday
ബാൾട്ടിമോര്‍: 2026-ൽ രാജ്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് അമേരിക്കയെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കുന്നതിന് ദേശീയ മെത്രാന്‍ സമിതി അംഗീകാരം നൽകി. ബാൾട്ടിമോറിൽ നടന്ന അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്ലീനറി അസംബ്ലിയിൽ ബിഷപ്പുമാർ രാജ്യത്തെ യേശുവിന്റെ തിരുഹൃദയത്തിന്റെ സ്നേഹത്തിനും കരുതലിനും സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരിന്നു.
കത്തോലിക്ക വിശ്വാസികളെ സമർപ്പണത്തിനായി ഒരുങ്ങാൻ സഹായിക്കുന്നതിന്, ബിഷപ്പുമാർ നൊവേന ഉൾപ്പെടെയുള്ളവയ്ക്കൂ രൂപം നല്‍കുമെന്നു ഇന്ത്യാനയിലെ ഫോർട്ട് വെയ്ൻ-സൗത്ത് ബെൻഡിലെ ബിഷപ്പ് കെവിൻ റോഡ്‌സ് പറഞ്ഞു. നൂറു വർഷങ്ങൾക്ക് മുന്‍പ്, 1925-ൽ ക്രിസ്തുവിന്റെ രാജത്വ തിരുനാളിനോട് അനുബന്ധിച്ചുള്ള തന്റെ ചാക്രികലേഖനത്തിൽ, പയസ് പതിനൊന്നാമൻ മാർപാപ്പ, ലെയോ പതിമൂന്നാമൻ മാർപാപ്പയുടെ പ്രബോധനം ഉപയോഗിച്ച് ക്രിസ്തുവിനോടുള്ള ബന്ധം ഊഷ്മളമാക്കുന്നതിനുള്ള ഒരു മാർഗമായി, തന്നെത്തന്നെയും കുടുംബങ്ങളെയും രാഷ്ട്രങ്ങളെയും യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കുന്ന രീതിയെ കുറിച്ച് പരാമര്‍ശിച്ചിരിന്നു.
തന്റെ നാലാമത്തെയും അവസാനത്തെയും ചാക്രിക ലേഖനമായ ഡിലെക്സിത് നോസിൽ, ഫ്രാൻസിസ് മാർപാപ്പ ദൈവ മനുഷ്യ സ്നേഹത്തിന്റെ ആത്യന്തിക പ്രതീകമായി തിരുഹൃദയ ഭക്തിയെ കത്തോലിക്ക ജീവിതത്തിന്റെ മുൻപന്തിയിലേക്ക് കൊണ്ടുവന്നുവെന്നും മെത്രാന്‍ സമിതിയുടെ കീഴിലുള്ള മതസ്വാതന്ത്ര്യ കമ്മിറ്റിയുടെ ചെയർമാനായി സേവനമനുഷ്ഠിച്ച റോഡ്‌സ് അനുസ്മരിച്ചു. യേശുവിന്റെ തിരുഹൃദയ തിരുനാൾ ആഘോഷത്തിനും പ്രതിഷ്ഠയ്ക്കും യുഎസ് പ്രസിഡന്‍റ് ട്രംപിനെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയും മറ്റ് ഉദ്യോഗസ്ഥരെയും ക്ഷണിക്കണമെന്നുള്ള നിര്‍ദ്ദേശം മിയാമി ആർച്ച് ബിഷപ്പ് തോമസ് വെൻസ്‌കി മുന്നോട്ടുവെച്ചിട്ടുണ്ട്.

















