India - 2026
ഛത്തീസ്‌ഗഡിലെ ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും പരിവർത്തിത ക്രൈസ്‌തവരെയും വിലക്കിയ നടപടി അപലപനീയം: സീറോ മലബാർ സഭ
പ്രവാചകശബ്ദം 04-11-2025 - Tuesday
കൊച്ചി: ഛത്തീസ്‌ഗഡിലെ ചില ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും പരിവർത്തിത ക്രൈസ്‌തവരെയും നിരോധിക്കുന്ന ബോർഡുകൾ സ്ഥാപിച്ചുള്ള സ്ഥാപനവത്‌കരിക്കപ്പെട്ട വർഗീയതയുടെ പുത്തൻ രഥയാത്ര എതിർക്കപ്പെടേണ്ടതാണെന്നു സീറോ മലബാർ സഭ വക്താവ് ഫാ. ടോം ഓലിക്കരോട്ട്. ബോർഡുകൾ സ്ഥാപിച്ചത് കോടതി അംഗീകരിച്ചിരിക്കുന്നു. രണ്ടാംതരം പൗരന്മാരെ ചൂണ്ടിക്കാണിക്കുന്ന ആ ഫലകം, ഇന്ത്യാവിഭജനത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ അതിർത്തി രേഖയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷവിരുദ്ധ ആൾക്കൂട്ട വിചാരണക്കാരും കൊലപാതകികളും ദളിത് ആദിവാസി പീഡകരും നിർബന്ധിത ഘർവാപ്പസിക്കാരുമൊന്നും നിരോധിക്കപ്പെട്ടിട്ടില്ലാത്ത രാജ്യത്തെ ഈ വിധി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യേണ്ടതാണ്.
ഹിന്ദുത്വയുടെ ഈ അധിനിവേശത്തെ പക്ഷേ ചെറുക്കേണ്ടത് മറ്റു വർഗീയതകളെയും തീവ്രവാദത്തെയും ഒപ്പം നിർത്തിയോ അവയ്‌ക്കെതിരെ വിശുദ്ധമൗനം പാലിച്ചുകൊണ്ടോ ആയിരിക്കരുത്. 'അവസാനം അവർ നിങ്ങളെ തേടിയെത്തി'യെന്ന ഫാസിസ്റ്റ് വിരുദ്ധ കവിവാക്യങ്ങളെ ദുരുപയോഗിക്കുന്ന വർഗീയ-തീവ്രവാദത്തിന്റെ യും പിന്തുണക്കാരുടെയും ഭീഷണികലർന്ന പ്രലോഭനത്തിനു ചെവി കൊടുക്കരുത്. ഇന്ത്യയെ മതേതരമായി നിലനിർത്തേണ്ടത് ഒരു മതഭ്രാന്തിന്റെയും കൂട്ടുപിടിച്ചായിരിക്കരുത്, പൗരാവകാശങ്ങളുടെ മാഗ്നാകാർട്ടയായ ഭാരതത്തിന്റെ ഭരണഘടനയെ കൂട്ടുപിടിച്ചു മാത്രമായിരിക്കണമെന്നും ഫാ. ടോം ഓലിക്കരോട്ട് ചൂണ്ടിക്കാട്ടി.

















