News - 2025
മാഞ്ചസ്റ്റർ ആക്രമണം: യഹൂദര്‍ക്കു ഐക്യദാര്‍ഢ്യവും പ്രാര്‍ത്ഥനയും അറിയിച്ച് ബ്രിട്ടീഷ് മെത്രാന്‍ സമിതി
പ്രവാചകശബ്ദം 03-10-2025 - Friday
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സിനഗോഗിൽ നടന്ന മാരകമായ ആക്രമണത്തെ അപലപിച്ച് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ ബിഷപ്പ്സ് കോൺഫറൻസ്. യഹൂദ സമൂഹത്തോടുള്ള ഐക്യദാർഢ്യത്തിനും പ്രാർത്ഥനയ്ക്കും സംഘടന ആഹ്വാനം നല്‍കി. ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിൽ രാവിലെ നടന്ന ആക്രമണത്തെത്തുടർന്ന് സാൽഫോർഡിലെ ബിഷപ്പ് ജോൺ ആർനോൾഡ് പ്രസ്താവന പുറത്തിറക്കിയിരിന്നു. യഹൂദ സമൂഹത്തിനായുള്ള പ്രാർത്ഥനകളിൽ പ്രാദേശിക കത്തോലിക്കാ സമൂഹം ഐക്യത്തോടെ നിലകൊള്ളുകയാണെന്നും ഇത്തരം പ്രവൃത്തികളെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരിക്കേറ്റവർക്കും, ദുരന്തം ബാധിച്ച എല്ലാവർക്കും അടിയന്തര സാഹചര്യങ്ങളിൽ പ്രതികരിച്ചവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. നമ്മുടെ സമൂഹത്തില്‍ ഐക്യദാർഢ്യം ശക്തിപ്പെടുത്തുന്നതിന് നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. വിദ്വേഷവും ഭിന്നതയും വിതയ്ക്കുന്നവർക്കെതിരെ നമ്മുടെ പൊതു വിശ്വാസ തലങ്ങളിൽ നാം ഐക്യത്തോടെ തുടരണം. യുകെയിലും ലോകമെമ്പാടും സമാധാനത്തിനും സഹിഷ്ണുതയ്ക്കും വേണ്ടിയും പ്രാർത്ഥിക്കുകയാണെന്നും ബിഷപ്പ് പ്രസ്താവിച്ചു.
യഹൂദരുടെ പുണ്യദിനമായ യോം കിപ്പൂർ ദിനത്തിലാണ് മാഞ്ചസ്റ്ററിലെ ക്രമ്പ്സാളിലുള്ള ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിന് പുറത്ത് ഭീകരാക്രമണം നടന്നിരിക്കുന്നത്. ഒരു കാർ കാൽനടയാത്രക്കാർക്കിടയിലേക്ക് ഓടിച്ചുകയറ്റുകയും ഒരാളെ കുത്തുകയും സുരക്ഷാ ജീവനക്കാരനെ ആക്രമിക്കുകയുമാണ് അക്രമി ചെയ്തത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. അക്രമിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















