India - 2026
കെ.സി.ബി.സി പ്രൊ-ലൈഫ് സമിതി തയ്യാറാക്കിയ മ്യൂസിക് ആല്‍ബം 'മദര്‍ തെരേസ' പ്രകാശനം ചെയ്തു
സ്വന്തം ലേഖകന്‍ 24-08-2016 - Wednesday
കൊച്ചി: മദര്‍ തെരേസയുടെ സെപ്റ്റംബര്‍ 4-ാം തീയതിയിലെ വിശുദ്ധ നാമകരണത്തോടനുബന്ധിച്ച് കെ.സി.ബി.സി പ്രൊ-ലൈഫ് സമിതി തയ്യാറാക്കിയ ' മദര്‍ തെരേസ' എന്ന പേരിലുളള മ്യൂസിക് ആല്‍ബം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. മദര്‍ തെരേസ ലോകത്തിന് കാരുണ്യത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം ജീവിതസാക്ഷ്യത്തിലൂടെ പകര്‍ന്നു നല്‍കിയെന്നും മദര്‍ തെരേസയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ഭാരതത്തിന്റെ യശസ്സ് ഉയര്‍ന്നുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
മദര്‍ തെരേസയുടെ സാമൂഹ്യ പ്രതിബദ്ധതയും കാരുണ്യ മനോഭാവവും എല്ലാ വ്യക്തികള്‍ക്കും അനുകരണീയമാണെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. നാം വസിക്കുന്ന പ്രദേശങ്ങളില്‍ അശരണരെയും അഗതികളെയും ആലംബഹീനരെയും കണ്ടെത്തി ആശ്വസിപ്പിക്കുവാനും, ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുവാനും പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, കെ.സി.ബി.സി പ്രൊ-ലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി, പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, ഗോഡ്‌സ് മ്യൂസിക് ഡയറക്ടര്‍ സന്തോഷ് തോമസ്, അഡ്വ.ജോസി സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, മാര്‍ട്ടിന്‍ ന്യൂനസ്, എ.സി ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.















