News - 2026
പൊതുസ്ഥലങ്ങളിൽ പുൽക്കൂട് വിലക്കാനുള്ള കോടതിയുടെ ശ്രമത്തില്‍ എതിര്‍പ്പ് അറിയിച്ച് മെക്സിക്കൻ പ്രസിഡന്റ്
പ്രവാചകശബ്ദം 30-11-2022 - Wednesday
മെക്സിക്കോ സിറ്റി: പൊതുസ്ഥലങ്ങളിൽ നിന്നും പുൽക്കൂട്, അടക്കമുള്ള വിശ്വാസ പ്രതീകങ്ങൾ വിലക്കാൻ സുപ്രീംകോടതി നടത്തുന്ന ശ്രമത്തെ മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് അപലപിച്ചു. ഇത്തരം ഒരു ശ്രമത്തിന് നിയമപരമായ യാതൊരുവിധ സാധുതയും ഇല്ലെന്നു പറഞ്ഞ മെക്സിക്കൻ പ്രസിഡന്റ്, വിശ്വാസ പ്രതീകങ്ങൾ വിലക്കുന്നത്, മെക്സിക്കോയുടെ പാരമ്പര്യത്തിനും രീതിക്കും വിരുദ്ധമായ ഒന്നാണെന്നും തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. കരട് തയ്യാറാക്കിയ സുപ്രീം കോടതി ജഡ്ജിയായ ജുവാൻ ലൂയിസ് ഗോൺസാലസിനെ അദ്ദേഹം വിമർശിച്ചു.
നടപടി മതസ്വാതന്ത്ര്യത്തിന് വിഘാതമായ ഒന്നാണെന്നും ആന്ദ്രേസ് മാനുവൽ ലോപ്പസ് കൂട്ടിച്ചേർത്തു. മനുഷ്യാവകാശ സംഘടനയാണ് മതങ്ങളുടെ പ്രതീകങ്ങൾ വിലക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്. കരട് രേഖ പാസാക്കിയാൽ യൂക്കാട്ടാൻ സംസ്ഥാനത്തെ മൂന്ന് മുൻസിപ്പാലിറ്റികളിൽ വിലക്ക് ആദ്യം പ്രാബല്യത്തിൽ വരും. പിന്നാലെ, രാജ്യത്തെ മറ്റ് സ്ഥലങ്ങളിലും ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രം അടക്കമുള്ള വിശ്വാസ പ്രതീകങ്ങൾ വിലക്കുന്നതിന് ഇത് കാരണമായി മാറുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. വിശ്വാസ പ്രതീകങ്ങൾ വിലക്കരുതെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെടുന്ന നിവേദനത്തിൽ ഇതിനോടകം അറുപതിനായിരം ആളുകള്‍ ഒപ്പിട്ടിരിന്നു.
ഭ്രൂണഹത്യ നിയമപരമാക്കിയതിനെ ആഘോഷത്തോടെ വരവേറ്റ സുപ്രീം കോടതി അധ്യക്ഷൻ ജസ്റ്റിസ് ആര്‍തുറോ സാല്‍വിദാര്‍ ലെലോ ഡെലാറിയക്ക് യേശുവിന്റെ ജനനത്തിന്റെ സ്മരണയെ തടയുവാനാണ് ശ്രമിക്കുന്നതെന്നും, നിര്‍ദ്ദേശിച്ച നിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ രാജ്യം യുദ്ധത്തിനു മുന്‍പുണ്ടായിരുന്ന കാലഘട്ടത്തിലേക്ക് മടങ്ങിപോകുന്നതിന് തുല്യമായിരിക്കുമെന്നും 'നാഷണല്‍ ഫ്രണ്ട് ഫോര്‍ ദി ഫാമിലി' അധ്യക്ഷൻ റോഡ്രിഗോ ഇവാന്‍ കോര്‍ട്ടെസ് അടുത്തിടെ പ്രസ്താവിച്ചിരിന്നു. വിഷയത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.











