India - 2025
താന്‍ ഭാഗ്യവാന്, മകനായി മെത്രാപ്പോലീത്ത, പേരക്കിടാവായി മറ്റൊരു മെത്രാൻ: മാര്‍ ജേക്കബ് തൂങ്കുഴി
26-07-2021 - Monday
തൃശൂർ: ആഗോള മുത്തശ്ശീമുത്തശ്ശന്മാരുടെ ദിനത്തിൽ വലിയ അപ്പൂപ്പൻ മെത്രാപ്പോലീത്തയ്ക്ക് ആശംസകളുമായി അദ്ദേഹം അഭിഷേകം ചെയ്ത മെത്രാപ്പോലീത്തയും സഹായമെത്രാനും. വിശ്രമ ജീവിതം നയിക്കുന്ന ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴിക്ക് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും സഹായമെത്രാൻ മാർ ടോണി നീലങ്കാവിലും ചേര്‍ന്നു ആശംസകള്‍ നേര്‍ന്നു. മൂവരും ഒന്നിച്ചു ദിവ്യബലി അർപ്പിച്ചു. "ഞാൻ സൗഭാഗ്യവാനാണ്. മകനായി മെത്രാപ്പോലീത്ത, പേരക്കിടാവായി മറ്റൊരു മെത്രാൻ; അവരോടൊത്തു വിശുദ്ധ ബലി അർപ്പിച്ചത് മഹാഭാഗ്യമാണ്". 91 വയസുള്ള മാർ തൂങ്കുഴി പറഞ്ഞു.
തന്നെ അഭിഷേകം ചെയ്ത മാർ തൂങ്കുഴി പിതൃസ്ഥാനീയനാണെന്നും താൻ അഭിഷേകം ചെയ്ത മാർ ടോണി നീലങ്കവിൽ അദ്ദേഹത്തിനു വലിയ അപ്പൂപ്പൻ മെത്രാന്റെ സ്ഥാനമാണു നൽകുന്നതെന്നും ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. സഭയുടെ കൂട്ടായ്മയ്ക്കു മാതൃകയായ മാർ തൂങ്കുഴി നമ്മെ ഒത്തിരി സ്നേഹിക്കുന്നു. ഫ്രാൻസീസ് മാർപ്പാപ്പ 76 ാം വയസിലാണു മാർപാപ്പയായത്. 91 വയസിലും ചുറുചുറുക്കോടെ ഓടിനടന്ന് ശുശ്രൂഷ ചെയ്യുന്ന മെത്രാനാണ് മാർ തൂങ്കുഴി- ആർച്ച് ബിഷപ്പ്മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
മാർ ജേക്കബ് തൂങ്കുഴിയുടെ നാമഹേതുക വിശുദ്ധനായ യാക്കോബ് ശ്ലീഹായുടെ തിരുനാൾ ദിനമായിരുന്നു ഇന്നലെ. യേശുവിന്റെ അപ്പൂപ്പൻ വിശുദ്ധ ജോവാക്കിമിന്റേയും അമ്മ അന്നയുടെയും ഓർമദിനമെന്ന നിലയിൽ ജൂലൈ നാലാം ഞായറാഴ്ച (ജൂലൈ 25) 'ഗ്രാന്റ് പാരന്റ്സ്' ദിനമായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽകൂടിയാണ് ഇന്നലെ മൂന്നു മെത്രാന്മാരും ചേർന്ന് ഡിബിസിഎൽസി ഹാളിൽ പ്രത്യേക ദിവ്യബലി അർപ്പിച്ചത്. ദിവ്യബലി ഓൺലൈനിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു. മാർ ജേക്കബ് തൂങ്കുഴിക്ക് വികാരി ജനറൽമാരായ മോൺ. ജോസ് വല്ലൂരാൻ, മോൺ തോമസ് കാക്കശ്ശേരി എന്നിവരും ആശംസകൾ നേർന്നു. പ്രതീകാത്മകമായി വേലൂർ ഇടവക തലക്കോടൻ ഔസേപ്പ്- വെറോനിക ദമ്പതികളുടെ നാല് തലമുറകളുള്ള കുടുംബത്തെ ആദരിച്ചു. വൈകുന്നേരം അതിരൂപത ഫാമിലി അപ്പോസ്തൊലേറ്റിന്റെ നേതൃത്വത്തിൽ ഓൺലൈനായി അതിരൂപതയിലെ ഗ്രാന്റ് പാരൻസ് സംഗമവും നടത്തിയെന്ന് അതിരൂപത പിആർഒ ഫാ. നൈസൺ ഏലന്താനത്ത് അറിയിച്ചു.

















