India - 2025
മുള്ളറംകോടത്തെ ആര്‍എസ്എസ് ഭീഷണി: ക്രൈസ്തവ കൂട്ടായ്മയ്ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍
പ്രവാചക ശബ്ദം 05-03-2021 - Friday
മുള്ളറംകോട്: തലസ്ഥാനമായ തിരുവനന്തപുരം മുള്ളറംകോടത്തു ക്രൈസ്തവ പ്രാര്‍ത്ഥന കൂട്ടായ്മ തടഞ്ഞു ഭീഷണി മുഴക്കിയ സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ നിന്ന് സംരക്ഷണം വാഗ്ദാനം ചെയ്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നടത്തുന്ന പ്രാര്‍ത്ഥനാകൂട്ടായ്മയ്ക്ക് സംരക്ഷണം ഉറപ്പു നൽകി കോൺഗ്രസ് - ഇടത് പാര്‍ട്ടികളും ഇവരുടെ പോഷക സംഘടനകളുമാണ് രംഗത്തെത്തിയിരിക്കുന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി. എസ് ജോയി മുള്ളറംകോടത്തു നേരിട്ടു എത്തി സംരക്ഷണം വാഗ്ദാനം ചെയ്തു ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നു ഉറപ്പ് നൽകി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം, വർക്കല ഏരിയ സെക്രട്ടറി പ്രസിഡന്റ് സൂരജ് തുടങ്ങിയവരും പ്രാര്‍ത്ഥന കൂട്ടായ്മയ്ക്ക് സംരക്ഷണം നല്‍കുമെന്ന് പറഞ്ഞു.
ഫെബ്രുവരി അവസാനവാരത്തില്‍ ആര്‍എസ്എസ് താലൂക്ക് ശാഖാപ്രമുഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പെന്തക്കോസ്തു സഹോദരങ്ങള്‍ നടത്തുന്ന പ്രാര്‍ത്ഥന കൂട്ടായ്മയ്ക്കു നേരെ ഭീഷണിയുമായി രംഗത്ത് വന്നത്. പ്രാര്‍ത്ഥന നടത്താന്‍ പറ്റില്ലായെന്നും അടുത്തയാഴ്ച ആവര്‍ത്തിച്ചാല്‍ പ്രശ്നമുണ്ടാകുമെന്നുമാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇക്കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയായില്‍ വൈറലായതോടെ ക്രൈസ്തവ കൂട്ടായ്മയ്ക്കു ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിച്ച് സംഘടനകള്‍ രംഗത്ത് വരികയായിരിന്നു. ഇതിനിടെ ഇന്ത്യന്‍ പെന്തക്കോസ്തല്‍ ചര്‍ച്ച് പ്രതിനിധികള്‍ മിസോറാം ഗവർണ്ണറും കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവുമായ പി.എസ്. ശ്രീധരൻ പിള്ളയെ കണ്ട് വിഷയത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

















