News - 2025
ഹിരോഷിമയില്‍ ഒബാമ എത്തുമ്പോള്‍ പ്രതീക്ഷയോടെ കത്തോലിക്ക സഭ
സ്വന്തം ലേഖകന്‍ 24-05-2016 - Tuesday
നിഗാട്ട: ജി-7 സമ്മേളനത്തിനു ശേഷം യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ ഹിരോഷിമ സന്ദര്‍ശിക്കുമ്പോള്‍ വേദനപ്പെടുന്ന ലക്ഷങ്ങള്‍ക്ക് അത് പ്രതീക്ഷയുടെ സന്ദര്‍ശനമായി മാറും. മനുഷ്യ ജീവന്റെ വില മറ്റെന്തിലും വലിയതാണെന്ന സന്ദേശം ലോകം മനസിലാക്കുകയും തങ്ങളുടെ കൈവശമുള്ള ആയുധങ്ങള്‍ ഇതിനു തടസമാണെന്ന തിരിച്ചറിവിലേക്കും ലോകം മാറണം. ആയുധങ്ങള്‍ ഉപേക്ഷിച്ച് സമാധാനത്തിന്റെ ചുവടുകളിലേക്കു നടന്നുകയറുവാനും ലോകത്തെ നിയന്ത്രിക്കുന്നവര്‍ക്ക് സാധിക്കണം. ഇത്തരം പ്രതീക്ഷകളാണ് ആണവായുധത്തിന്റെ ദുരിതം തലമുറകളായി അനുഭവിക്കുന്നവര്‍ക്ക് ലോകത്തോടു പറയുവാനുള്ളത്. ഒബാമയുടെ ഹിരോഷിമ സന്ദര്‍ശനത്തെ പ്രതീക്ഷയോടും സന്തോഷത്തോടുമാണു കത്തോലിക്ക സഭ നോക്കി കാണുന്നത്.
നിഗാട്ടയിലെ ബിഷപ്പും കാരിത്താസ് ഏഷ്യയുടെ പ്രസിഡന്റുമായ ടര്‍ക്കിസിയോ ഇസാവോ കികൂചി ഒബാമയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചിട്ടുണ്ട്. തദ്ദേശിയനായ ബിഷപ്പിനു ഹിരോഷിമയിലുണ്ടായ ആണവാക്രമണത്തിന്റെ വ്യാപ്തി നല്ലവണ്ണം അറിയാം. 1963-ല്‍ പോപ് ജോണ്‍ പതിമൂന്നാമനാണ് ആണവായുധങ്ങളുടെ നിരോധനം ആവശ്യപ്പെട്ടു ലോകരാഷ്ട്രങ്ങളുടെ തലവന്മാരുടെ മുന്നില്‍ പ്രശ്നം അവതരിപ്പിച്ചവരില്‍ പ്രമുഖന്. "മനുഷ്യര്‍ക്കു നീതിയും സമാധാനവും ഉറപ്പാക്കേണ്ടതു ലോകത്തെ ഭരിക്കുന്നവരുടെ ഉത്തരവാദിത്വമാണ്. ഇപ്പോള്‍ രാജ്യങ്ങളുടെ ആയുധപുരകളില്‍ കൂട്ടിവയ്ക്കപ്പെടുന്ന ബോംബുകള്‍ ഇതിനു വിലങ്ങുതടിയാകും. ആണവായുധങ്ങള്‍ നിരോധിക്കുവാന്‍ ലോക രാഷ്ട്രങ്ങള്‍ മുന്‍കൈ എടുക്കണം". ജോണ്‍ പതിമൂന്നാമന്റെ വാക്കുകളാണിത്. ക്രൈസ്തവ വിശ്വാസിയായ ഒബാമ 2009-ല്‍ പരാഗ്വയില്‍ നടന്ന സമ്മേളനത്തില്‍ ആണവായുധം നിരോധിക്കേണ്ട ആവശ്യത്തെ കുറിച്ച് ശക്തമായി പ്രസംഗിച്ചിരുന്നു. പ്രതീക്ഷയ്ക്കു വകനല്കുന്ന വാക്കുകളാണ് ഒബാമയുടെ ഭാഗത്തു നിന്നും അന്ന് ഉണ്ടായത്.
ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന അണുബോംബാക്രമണത്തില്‍ 1,40,000 ആളുകള്‍ക്കാണു ജീവന് നഷ്ടമായത്. ജീവന് നഷ്ടപ്പെട്ടവരുടെ പതിര്‍മടങ്ങാളുകള്‍ ജീവിക്കുന്ന രക്തസാക്ഷികളായി മാറി. പിന്നീട് ജനിച്ച കുഞ്ഞുങ്ങള്‍ ജനിതക വൈകല്യമുള്ളവരായി തീര്‍ന്നു. ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കു ജീവിതം ദുസഹമായി. ഈ ദുരന്തങ്ങളിലേക്ക് ഒരു ജനതയെ തള്ളിവിട്ടത് അണുവായുധമെന്ന മാരകായുധമാണ്. അണുവായുധം കൈവശം വയ്ക്കുവാന്‍ രാജ്യങ്ങളെ അനുവദിക്കരുതെന്ന ആവശ്യം ക്രൈസ്തവ നേതാക്കളുടെ ഭാഗത്തു നിന്നും ശക്തമായി ഉയരുന്നുണ്ട്.
1981 ഫെബ്രുവരി 25-ാം തീയതി ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയും ദുരന്ത ഭൂമിയായ ഹിരോഷിമ സന്ദര്‍ശിച്ചിരുന്നു. 1945 ആഗസ്റ്റില്‍ നടന്ന ദുരന്തത്തില്‍ നിന്നും അവര്‍ കരകയറിയിട്ടില്ലെന്നും ജോണ്‍ പോള്‍ രണ്ടാമനും അന്നു പറഞ്ഞിരുന്നു. യുഎസ് പ്രസിഡന്റിനോട് ആണവായുധങ്ങള്‍ നിര്‍വീര്യമാക്കുവാന്‍ മുന്‍കൈയെടുക്കണമെന്നു ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയും ആവശ്യപ്പെട്ടിരുന്നു. യുദ്ധവും അസഹിഷ്ണുതയും നമ്മള് വെറുക്കുന്നുവെന്നു പ്രതിജ്ഞ ചെയ്യണമെന്ന ആഹ്വാനവും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ നടത്തിയിരുന്നു.

















