India - 2026
സർക്കാർ നടപടി സ്വാഗതം ചെയ്യുന്നതായി ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ
പ്രവാചകശബ്ദം 26-02-2026 - Thursday
കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനും പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനും സർക്കാർ നിയോഗിച്ച ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ച സർക്കാർ നടപടി സ്വാഗതം ചെയ്യുന്നതായി കെആർഎൽസിസി പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ. ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിൽ നിലനിന്നിരുന്ന തടസങ്ങൾ ഒഴിവാക്കാനെടുത്ത തീരുമാനവും സ്വാഗതാർഹമാണ്. 1947 എന്ന കാലപരിധി ഒഴിവാക്കുന്നതും ഈ വിഷയത്തിലുള്ള പ്രയാസം പരിഹരിക്കും. തീരുമാനം വ്യക്തമാക്കി സർക്കാർ ഉടൻ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണു പ്രതീക്ഷ.
ജെ.ബി. കോശി കമ്മീഷൻ പഠനറിപ്പോർട്ടും ശിപാർശകളും പൊതുജനങ്ങളുടെ അറിവിലേക്കായി അടിയന്തരമായി പ്രസിദ്ധീകരിക്കണം. അഞ്ഞൂറിലധികം ശിപാർശകളാണു കമ്മീഷൻ സർക്കാരിന് നൽകിയിട്ടുള്ളത്. ഈ ശിപാർശകൾ മുൻഗണനാക്രമത്തിൽ കൂടിയാലോചനകളിലൂടെ നടപ്പിലാക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ.ഡോ. ജിജു ജോർജ് അറക്കത്തറ എന്നിവർ ആവശ്യപ്പെട്ടു.
















