News

അൾജീരിയ സന്ദർശനം പൂര്‍ത്തിയാക്കി ലെയോ പാപ്പ കാമറൂണിലേക്ക്

പ്രവാചകശബ്ദം 15-04-2026 - Wednesday

അള്‍ജിയേഴ്സ്: ത്രിദിന അൾജീരിയ സന്ദർശനത്തിനുശേഷം, ലെയോ പതിനാലാമൻ പാപ്പ തന്റെ ആഫ്രിക്കൻ പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക്. ഇന്നു ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 10:15ന് രാജ്യ തലസ്ഥാനമായ അൾജിയേഴ്സിലെ ഹൗറി ബൗമെഡിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലെയോ പാപ്പയും സംഘവും കാമറൂണിലേക്ക് യാത്ര തിരിച്ചു. പാപ്പയുടെ വിമാനം കാമറൂണിലെ യൗണ്ടെ-എൻസിമാലെൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രാദേശിക സമയം ഉച്ചക്കഴിഞ്ഞു 3:20 ന് ( ഇന്ത്യന്‍ സമയം ഇന്നു രാത്രി 07.50)നു എത്തിച്ചേരും.

കാമറൂണ്‍ പ്രസിഡന്റ് പോൾ ബിയയുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പ, 18 മാസത്തിനും 20 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളും യുവാക്കളും താമസിക്കുന്ന സിസ്റ്റേഴ്‌സ് ഓഫ് ദി പൂവേര്‍സ് നടത്തുന്ന അനാഥാലയവും സന്ദർശിക്കും. അതോടൊപ്പം കാമറൂണ്‍ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചയും ഇന്നു നടക്കും. ഏപ്രില്‍ 17 വരെ പാപ്പയുടെ കാമറൂണ്‍ സന്ദര്‍ശനം തുടരും. ആകെ പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന അപ്പസ്തോലിക സന്ദർശനത്തിൽ ഏകദേശം 18,000 കിലോമീറ്റർ യാത്രയാണ് പാപ്പ നടത്തുന്നത്.

കാമറൂണിലേക്ക് ഇന്നു യാത്ര തിരിക്കും മുന്‍പ് അൾജിയേഴ്സിലെ മിഷ്ണറീസ് ഓഫ് ചാരിറ്റി നടത്തുന്ന നോട്രെ ഡാം ഡി'അഫ്രിക്ക് കുട്ടികളുടെ കേന്ദ്രം പാപ്പ സന്ദര്‍ശിച്ചിരിന്നു. ഔവർ ലേഡി ഓഫ് ആഫ്രിക്കയിലെ ഐക്കണിക് ബസിലിക്കയ്ക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന അപ്പസ്തോലിക് ന്യൂൺഷ്യേച്ചറിൽ നിന്ന് കേന്ദ്രത്തിലെത്തിയ പാപ്പ കുട്ടികളോടുള്ള തന്റെ വാത്സല്യം പ്രകടിപ്പിച്ചു. ലളിതമായ കുട്ടികളുടെ കലാപ്രകടനം പാപ്പയ്ക്കു മുന്നില്‍ അരങ്ങേറി. പിന്നാലേ പാപ്പ വിമാനത്താവളത്തിലേക്ക് മടങ്ങി. കാമറൂണിലേക്ക് പാപ്പയെ യാത്രയാക്കുവാന്‍ വിമാനത്താവളത്തിൽ അൾജീരിയൻ പ്രസിഡന്റ് അബ്ദുൽമദ്ജിദും സിവിൽ, സഭാ പ്രതിനിധികളുടെ സംഘവും എത്തിച്ചേര്‍ന്നിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »