India - 2026
കെസിബിസി സമ്മേളനം നാളെ; മെത്രാന്‍മാരുടെ വാര്‍ഷികധ്യാനം ബുധനാഴ്ച മുതല്‍
സ്വന്തം ലേഖകന്‍ 06-08-2018 - Monday
കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതി സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നാളെ ആരംഭിക്കും. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും. രാവിലെ 10നു തിയോളജിക്കല്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന ദൈവശാസ്ത്ര സമ്മേളനം നടക്കും. കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. വിശുദ്ധിയിലേക്കുള്ള വിളി, ആത്മീയരംഗങ്ങളിലുള്ള അജപാലനപരമായ വെല്ലുവിളികളും സാധ്യതകളും, 'ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍' എന്ന പ്രബോധനരേഖയുടെ സമഗ്രവീക്ഷണം എന്നീ വീഷയങ്ങളില്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, റവ.ഡോ. ജോളി കരിമ്പില്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും.
കത്തോലിക്കാ സഭയിലെ വിവിധ രൂപതകളില്‍ നിന്നുള്ള മെത്രാന്‍മാരും തെരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്ര പണ്ഡിതരും മേജര്‍ സെമിനാരികളിലെ റെക്ടര്‍മാരും ദൈവശാസ്ത്ര പ്രഫസര്‍മാരും കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരും യുവജനപ്രതിനിധികളും ദൈവശാസ്ത്രസമ്മേളനത്തില്‍ സംബന്ധിക്കും. ആഗസ്റ്റ് എട്ട് ബുധനാഴ്ച മുതല്‍ മെത്രാന്‍മാരുടെ വാര്‍ഷികധ്യാനം നടക്കും. പ്രശസ്ത വചനപ്രഘോഷകനും തിരുവനന്തപുരം മലങ്കര അതിരൂപതാംഗമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് ധ്യാനം നയിക്കുന്നത്. ധ്യാനം 11നു സമാപിക്കും.

















