മാനന്തവാടി: കൊട്ടിയൂര്‍ കേസുമായി ബന്ധപ്പെട്ട നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക ദേവാലയം മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം സന്ദര്‍ശിച്ചു. ഇടവകാംഗങ്ങളെ കേള്‍ക്കാനും വിശുദ്ധ ബലിയര്പ്പിക്കാനുമായാണ് ബിഷപ്പ് ഇടവകയില്‍ എത്തിയത്. വൈദികന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയോടും കുടുംബത്തോടുമുള്ള ദുഃഖം തന്റെ സന്ദേശത്തില്‍ ബിഷപ്പ് വീണ്ടും പ്രകടിപ്പിച്ചു.
"ഇടവകയും സഭയും കടന്നുപോയത് പീഡാനുഭവത്തിന്റെ കുരിശുവഴിയിലൂടെയായിരുന്നു. കുരിശുമരണം ഇനിയും ആയിട്ടില്ല. കുരിശുയാത്ര മുന്നോട്ടുനീങ്ങുകയാണ്. ഈ പീഡാനുഭവങ്ങള്‍ക്കപ്പുറം നമ്മെ കാത്തിരിക്കുന്നത് ഉത്ഥാനമാണെന്ന പ്രത്യാശ വിസ്വാസികള്‍ കാത്തുസൂക്ഷിക്കണം. പ്രതിസന്ധികളില്‍ ഇടവകാംഗങ്ങള്‍ സമചിത്തതയോടെ നിലകൊണ്ടു. പള്ളിയില്വരുന്നവരുടെ എണ്ണത്തില്‍ മാറ്റമുണ്ടായില്ല. വിശ്വാസം ഉയര്‍ത്തിപ്പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞതു കൊണ്ടാണ് ഇത്". ബിഷപ്പ് പറഞ്ഞു.
















