News

സംഘർഷ ഭൂമിയിൽ പ്രത്യാശ; മ്യാൻമറില്‍ പുതിയ ഇടവക കൂദാശ ചെയ്തു

പ്രവാചകശബ്ദം 09-07-2026 - Thursday

കലൈ: മ്യാൻമറിലെ ആഭ്യന്തര യുദ്ധവും പ്രതിസന്ധികളും തുടരുന്നതിനിടയിൽ, വിശ്വാസികള്‍ക്ക് പ്രത്യാശ പകര്‍ന്ന് വടക്കുപടിഞ്ഞാറൻ മേഖലയിലെ കലൈ രൂപതയിൽ ലളിതമായ രീതിയില്‍ നിര്‍മ്മിച്ച പുതിയ ഇടവക ദേവാലയം കൂദാശ ചെയ്തു. 2021-ലെ സൈനിക അട്ടിമറിക്ക് ശേഷം സംഘർഷം രൂക്ഷമായ സാഗയിംഗ്, ചിൻ എന്നീ സംസ്ഥാനങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന രൂപതയിലാണ് പുതിയ ദേവാലയം ആരാധനയ്ക്കായി തുറന്നത്. പ്രതിസന്ധികള്‍ക്ക് നടുവില്‍ കഴിയുന്ന ജനങ്ങൾക്ക് വലിയ ആശ്വാസവും പ്രത്യാശയും പകരുന്ന ചടങ്ങ് കഴിഞ്ഞ ആഴ്ചയാണ് നടന്നത്. രൂപതാധ്യക്ഷൻ മോൺ. ഫെലിക്സ് ലിയാൻ ഖേൻ താംഗിന്റെ മുഖ്യകാർമികത്വത്തിലായിരിന്നു ദേവാലയ കൂദാശയും വിശുദ്ധ കുർബാന അര്‍പ്പണവും.

പന്ത്രണ്ടോളം വൈദികരും അറുന്നൂറിലധികം വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. ചടങ്ങിനിടെ 60 കുട്ടികൾക്ക് സ്ഥൈര്യലേപന കൂദാശയും നൽകി. മ്യാന്മറിലെ പാരമ്പര്യ വസ്ത്രങ്ങൾ അണിഞ്ഞെത്തിയ ചിൻ വംശജരായ വിശ്വാസികൾ പാട്ടുകളോടും നൃത്തങ്ങളോടും കൂടി മെത്രാനെ സ്വീകരിച്ചു. പുതിയ ഇടവകയുടെ സ്ഥാപനം ദൈവാനുഗ്രഹവും രൂപതയുടെ വികസനത്തിനായുള്ള പ്രത്യാശയുടെ അടയാളവുമാണെന്നു മെത്രാൻ വചന സന്ദേശത്തിൽ എടുത്തു പറഞ്ഞു. ആറ് ഗ്രാമങ്ങളിലായി 210 കത്തോലിക്ക കുടുംബങ്ങളാണ് പുതിയ ഇടവകയിലുള്ളത്. യുദ്ധസാഹചര്യത്തിൽ വിശുദ്ധ കുർബാന ഉള്‍പ്പെടെയുള്ള കൂദാശകള്‍ വിശ്വാസികൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് പുതിയ ഇടവക സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം.

ജനങ്ങൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയിൽ ക്രിസ്തുവിന്റെ സജീവ സാന്നിധ്യം ഉറപ്പാക്കാൻ ഒരു സ്ഥിരം വൈദികന്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്നും രൂപതാധ്യക്ഷന്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേയുള്ള സന്ദേശത്തില്‍ പറഞ്ഞു. 2021 ഫെബ്രുവരിയിൽ സൈനിക അട്ടിമറിയെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര സംഘർഷം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നിലാണ് സാഗയിംഗ് മേഖലയ്ക്കും ചിൻ സ്റ്റേറ്റിനും ഇടയിലുള്ള കാലേ രൂപത സ്ഥിതി ചെയ്യുന്നത്. പ്രദേശത്തു ഇപ്പോഴും കടുത്ത മാനുഷിക സാമൂഹിക പ്രതിസന്ധി നേരിടുന്നുണ്ട്.

മണ്ഡാലെ അതിരൂപതയുടെ കീഴിലുള്ള രൂപതയായ കാലേ രൂപതയില്‍ ഏകദേശം 60,000 കത്തോലിക്ക വിശ്വാസികളാണുള്ളത്. ഇവയില്‍ ഭൂരിഭാഗം പേരും സാഗയിംഗ് മേഖലയിലാണ്. സൈന്യവും പ്രാദേശിക പ്രതിരോധ സേനകളും തമ്മിലുള്ള ഏറ്റുമുട്ടൽ മൂലം ജനജീവിതം ദുസ്സഹമാണ്. ഭക്ഷ്യക്ഷാമം, വൈദ്യുതി തടസ്സം, ചികിത്സാ സൗകര്യങ്ങളുടെ അഭാവം എന്നിവ ജനങ്ങളെ വലയ്ക്കുന്നു. പ്രദേശത്ത് കത്തോലിക്ക സന്നദ്ധ സംഘടനകള്‍ സജീവമായി പ്രവര്‍ത്തനനിരതമാണ്. രൂപതയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ ഇപ്പോൾ നാല്‍പ്പതിനായിരത്തോളം വരുന്ന ആഭ്യന്തര അഭയാർത്ഥികൾക്കുള്ള അഭയകേന്ദ്രങ്ങളാണ്. 2021 ലെ സൈനിക അട്ടിമറിയില്‍ ആറായിരത്തിലധികം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »