News
അൽമുദേന കത്തീഡ്രലില്‍ മാഡ്രിഡിലെ വിശ്വാസികളെ സമർപ്പിച്ചും അവർക്കൊപ്പം പ്രാർത്ഥിച്ചും ലെയോ പാപ്പ
പ്രവാചകശബ്ദം 10-06-2026 - Wednesday
മാഡ്രിഡ്: ആഗോള പ്രസിദ്ധമായ മാഡ്രിഡിലെ അൽമുദേനയിലെ സെന്റ് മേരി ല റെയാൽ കത്തീഡ്രൽ ദേവാലയത്തിൽ വിശ്വാസികളെ സമർപ്പിച്ചും അവർക്കൊപ്പം പ്രാർത്ഥിച്ചും ലെയോ പതിനാലാമൻ പാപ്പ. സ്പെയിനില്‍ അപ്പസ്തോലിക സന്ദര്‍ശനം തുടരുന്ന ലെയോ പാപ്പ, ന്യൂൺഷ്യേച്ചറിൽനിന്ന് ഏതാണ്ട് പതിനെട്ട് കിലോമീറ്ററുകൾ അകലെയുള്ള ദേവാലയത്തില്‍ തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് എത്തിചേര്‍ന്നത്. മാഡ്രിഡ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഹൊസേ കോബോ കാനോയും സഹായമെത്രാനും ഉൾപ്പെടുന്ന സംഘം പാപ്പയെ, സ്വാഗതം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ പ്രാരംഭഗാനത്തിന് ശേഷം അതിരൂപതാദ്ധ്യക്ഷൻ ലെയോ പാപ്പയെ സ്വാഗതം ചെയ്ത് സംസാരിച്ചു.
ഇതിന് പിന്നാലെ നടന്ന പ്രാർത്ഥനയ്ക്കും സുവിശഷ വായനയ്ക്കും ശേഷം പരിശുദ്ധ പിതാവ് വചനസന്ദേശം നൽകി. കർത്താവ് തന്റെ വിശുദ്ധ ജനത്തോടൊപ്പം നടക്കുന്നുണ്ടെന്നും അവരുടെ ഭയങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നും, അവരുടെ എല്ലാ നല്ല ശ്രമങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നുണ്ടെന്നും അതിനാല്‍ വിശ്വാസ സാക്ഷ്യത്തിൽ പതറരുതെന്നും, ദൈവപിതാവിന്റെ സ്നേഹനിർഭരമായ പദ്ധതിയെക്കുറിച്ച് ചിന്തിക്കണമെന്നും പാപ്പ ഏവരെയും ഉദ്‌ബോധിപ്പിച്ചു. പ്രഭാഷണശേഷം പാപ്പ ദൈവമാതാവിന് സ്വർണ്ണ റോസാപ്പൂ സമർപ്പിച്ചു. തുടർന്ന് ആലപിക്കപ്പെട്ട ഗാനാലാപനത്തിനും പ്രാർത്ഥനകൾക്കും ശേഷം ലെയോ പാപ്പ ഏവർക്കും ആശീർവാദം നൽകി.
മാഡ്രിഡിലെ പ്രധാന കത്തോലിക്ക കത്തീഡ്രല്‍ ദേവാലയവും മാഡ്രിഡ് അതിരൂപതയുടെ ആസ്ഥാനവുമാണ് അൽമുദേന കത്തീഡ്രൽ. മാഡ്രിഡിലെ റോയൽ പാലസിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന ഈ കത്തീഡ്രൽ നിയോ-ക്ലാസിക്കൽ, നിയോ-ഗോതിക്, നിയോ-റോമനെസ്ക് വാസ്തുവിദ്യാ ശൈലികളുടെ നിര്‍മ്മാണംകൊണ്ട് ശ്രദ്ധ നേടിയ ദേവാലയം കൂടിയാണ്. 1883-ൽ നിർമ്മാണം ആരംഭിച്ച ദേവാലയ നിര്‍മ്മാണം പൂർത്തിയാകാൻ ഒരു നൂറ്റാണ്ടിലധികം സമയമെടുത്തു. 1993 ജൂൺ 15-ന് ജോൺ പോൾ രണ്ടാമൻ പാപ്പയാണ് കത്തീഡ്രൽ ദേവാലയം സമർപ്പിച്ചത്. 2004-ൽ ഫിലിപ്പ് ആറാമന്‍ രാജാവിന്റെയും രാജ്ഞി ലെറ്റിസിയയുടെയും രാജകീയ വിവാഹം നടന്നതിനും വേദിയായ ദേവാലയം കൂടിയാണിത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















