News - 2026
ഇന്തോനേഷ്യയില്‍ കത്തോലിക്ക ദേവാലയത്തിന് നേരെ ബോംബാക്രമണം
പ്രവാചകശബ്ദം 23-05-2026 - Saturday
ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യങ്ങളിലൊന്നായ ഇന്തോനേഷ്യയിലെ പാപ്പുവയിൽ കത്തോലിക്ക ദേവാലയത്തിന് നേരെ ബോംബാക്രമണം. വിശുദ്ധ കുർബാന അവസാനിച്ചതിന് തൊട്ടുപിന്നാലെയുണ്ടായ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റതായി പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ 'എജെന്‍സിയാ ഫീദെസ്' ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്തോനേഷ്യൻ സുരക്ഷാസേനയും പാപ്പുവ വിഘടനവാദ ഗ്രൂപ്പുകളുമായി നിരവധി വർഷങ്ങളായി സംഘർഷം നിലനിൽക്കുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. പാപ്പുവ പ്രവിശ്യയിലെ ഇന്താൻ ജയയിലുള്ള എംമോഗോ ഗ്രാമത്തിലെ സെന്റ് പോൾ ദേവാലയത്തിനുനേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തെത്തുടർന്ന് ഭീതിയിലായ വിശ്വാസികൾ മേഖലയില്‍ നിന്നു പെട്ടെന്ന് പലായനം ചെയ്തിരിന്നു. സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും, സൈന്യവും സാധാരണ ജനവും തമ്മിലുള്ള സംഘർഷങ്ങളെ കൂടുതൽ വഷളാക്കാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഇന്തോനേഷ്യൻ സേന പ്രസ്താവിച്ചു. അതേസമയം സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് ഉത്തരവാദികളായവരെ സുതാര്യമായ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്ന് പാപ്പുവയിലെ കത്തോലിക്ക യുവജന സംഘടനയുടെ പ്രസിഡന്റ് റ്റീനോ മോത്തെ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകളായി ഇന്തോനേഷ്യൻ സുരക്ഷാസേനയും പാപ്പുവ വിഘടനവാദ ഗ്രൂപ്പുകളുമായി സംഘർഷം നിലനിൽക്കുന്ന പ്രദേശത്താണ് ആക്രമണം നടന്നതെന്നും, വെടിവയ്പ്പും സാധാരണക്കാർക്കെതിരായ ആക്രമണങ്ങളും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും വിദ്യാർത്ഥികളുടെയും മരണവും ഇവിടെ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഘർഷങ്ങളും മിലിട്ടറി ഇടപെടലുകളും വ്യാപകമായതോടെ മേഖലയില്‍ നിന്നു ഒരുലക്ഷത്തിൽപ്പരം പേർ കുടിയിറങ്ങാൻ നിർബന്ധിതരായിട്ടുണ്ട്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















