India - 2026

ഓരോ അമ്മമാരും സുകൃതങ്ങളുടെ സുഗന്ധവാഹകര്‍: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ

പ്രവാചകശബ്ദം 24-04-2026 - Friday

തലശേരി: ഓരോ അമ്മമാരും സുകൃതങ്ങളുടെ സുഗന്ധവാഹകരും പുതുതലമുറയെ ശക്തിപ്പെടുത്തുന്നവരും സമൂഹനിർമിതിയിൽ മുഖ്യപങ്ക് വഹിക്കുന്നവരുമാണെന്ന് പാലക്കാട് രൂപത ബിഷപ്പും സീറോമലബാർ മാതൃവേദിയുടെ ബിഷപ്പ് ലെഗേറ്റുമായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. തലശേരി സന്ദേശ് ഭവനിൽ നടന്ന സീറോ മലബാർ മാതൃവേദിയുടെ ഗ്ലോബൽ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മാതൃവേദി ഗ്ലോബൽ പ്രസിഡൻ്റ് ബീന ജോഷി അധ്യക്ഷത വഹിച്ചു. തലശേരി ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അനുഗ്രഹ പ്രഭാഷണം നടത്തി. മാതൃവേദി ഗ്ലോബൽ ഡയറക്‌ടർ ഫാ. ഡെന്നി താണിയ്ക്കൽ, തലശേരി അതിരൂപത മാതൃവേദി ഡയറക്‌ടർ ഫാ. ജോബി കോവാട്ട്, ഗ്ലോബൽ ആനിമേറ്റർ സിസ്റ്റർ ജീസ, ജനറൽ സെക്രട്ടറി സിജി ലൂക്ക്സൺ, തലശേരി അതിരൂപത മാതൃവേദി പ്രസിഡൻ്റ് സിസി ആൻ്റണി എന്നിവർ പ്രസംഗിച്ചു.

സാമുദായിക ശക്തീകരണ വർഷത്തിൽ അമ്മമാർ പരമ്പരാഗത വേഷമണിഞ്ഞ് റാലിയിൽ പങ്കെടുത്തു. സലോമി ആന്റണി, ബ്രില്ലി അന്ന, മോളി പീറ്റർ, നിമ്മി ഷൈജു, സിസ്റ്റർ ലിന്റ് എന്നിവർ നേതൃത്വം നൽകി. സെമിനാറുകൾ, ചർച്ചാക്ലാസുകൾ, വിളക്കന്നൂർ തീർത്ഥയാത്ര എന്നിവയും നടന്നു. 20 രൂപതകളിൽനിന്നായി നൂറ്റിമുപ്പതോളം പ്രതിനിധികൾ പങ്കെടുത്തു.


Related Articles »