News - 2026

ജൂണ്‍ 26,27 തീയതികളില്‍ അടുത്ത കൺസിസ്റ്ററി; കർദ്ദിനാളുമാരെ ക്ഷണിച്ച് പാപ്പ

പ്രവാചകശബ്ദം 15-04-2026 - Wednesday

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി ലെയോ പാപ്പ തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള രണ്ടാമത്തെ കണ്‍സിസ്റ്ററി ജൂണ്‍ മാസത്തില്‍ നടക്കും. ജൂണ്‍ 26,27 തീയതികളിലാണ് കര്‍ദ്ദിനാളുമാരുടെ സമ്മേളനം നടക്കുക. കഴിഞ്ഞ ജനുവരി 7, 8 തീയതികളിൽ വത്തിക്കാനിൽ നടന്ന കൺസിസ്റ്ററിയിൽ സംബന്ധിച്ച കർദ്ദിനാൾമാർക്ക് നന്ദിയർപ്പിച്ചുകൊണ്ടും, ജൂണിൽ 26,27 തീയതികളിൽ നടക്കുന്ന കൺസിസ്റ്ററി സമ്മേളനത്തിലേക്ക് ക്ഷണിച്ചുകൊണ്ടും, ലെയോ പതിനാലാമൻ പാപ്പായുടെ കത്ത് കര്‍ദ്ദിനാളുമാര്‍ക്ക് വത്തിക്കാന്‍ കൈമാറിയിട്ടുണ്ട്.

ജനുവരിയില്‍ നടന്ന, കർദ്ദിനാളുമാരുടെ കൺസിസ്റ്ററിയില്‍ വിവിധ സമൂഹങ്ങളായി തിരിഞ്ഞുകൊണ്ട്, "ഇവാഞ്ചലിയം ഗോഡിയം" എന്ന അപ്പസ്തോലിക പ്രബോധനത്തെ കേന്ദ്രമാക്കിയുള്ള പഠനങ്ങൾ കർദിനാളുമാർ നടത്തിയിരുന്നു. അപ്രകാരം ശേഖരിക്കപ്പെട്ട സംഭാവനകൾ വിലയേറിയ ഒരു പൈതൃകമാണെന്നും, അത് സംരക്ഷിക്കുവാനും, കൂടുതൽ ആഴത്തിൽ വിചിന്തനത്തോടെ അപഗ്രഥിക്കാനുമുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തിക്കൊണ്ടാണ്, ജൂൺ മാസത്തിലും പാപ്പ കൺസിസ്റ്ററി വിളിച്ച് കൂട്ടിയിരിക്കുന്നത്.

വ്യക്തിപരമായ തലത്തിൽ, സ്നാനം സ്വീകരിച്ച ഓരോ വ്യക്തിയെയും ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിലേക്ക് നയിക്കുന്നതിനും, അങ്ങനെ ജീവിക്കുന്നതും, അനുഭവിക്കുന്നതുമായ ഒരു വിശ്വാസത്തിലേക്ക് പക്വത പ്രാപിക്കുവാനും ഒരു മിഷ്ണറി അജപാലന പരിചരണത്തിലേക്ക് മാറുവാൻ പാപ്പ കര്‍ദ്ദിനാളുമാരെ ക്ഷണിച്ചു. സഭ ന്യൂനപക്ഷമായിരിക്കാവുന്ന സന്ദർഭങ്ങളിൽ പോലും, എല്ലാവർക്കും പ്രത്യാശ നൽകുന്ന ഒരു ചെറിയ ആട്ടിൻകൂട്ടമായി ജീവിക്കാൻ അവൾ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പ ക്ഷണ കത്തിൽ കുറിച്ചു. വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാളിന് തൊട്ടുമുമ്പ് വത്തിക്കാനിൽവെച്ചാണ് കൺസിസ്റ്ററി നടക്കുക. തിരുനാൾ ദിനത്തിൽ ബസിലിക്കയിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെ സമ്മേളനം അവസാനിക്കും.


Related Articles »