News
തന്റെ ആത്മീയപിതാവായ വിശുദ്ധ അഗസ്റ്റിന്റെ പാദസ്പര്‍ശമേറ്റ മണ്ണില്‍ ലെയോ പാപ്പയുടെ സന്ദര്‍ശനം
പ്രവാചകശബ്ദം 15-04-2026 - Wednesday
അൾജിയേഴ്സ് : സാർവത്രികസഭയിലെ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും തത്വചിന്തകനും തന്റെ ആത്മീയപിതാവുമായ വിശുദ്ധ അഗസ്റ്റിൻ 35 വർഷത്തോളം മെത്രാനായി ശുശ്രൂഷ ചെയ്ത പുണ്യഭൂമിയിൽ തീർത്ഥാടകനായി ലെയോ പതിനാലാമൻ മാർപാപ്പ എത്തി. അൾജീരിയന്‍ സന്ദര്‍ശനത്തിനിടെയാണ് പുരാതനനഗരമായ അന്നാബ (ഹിപ്പോ)യിൽ മാർപാപ്പയെത്തിയത്. അഗസ്റ്റീനിയൻ സന്യാസ സമൂഹാംഗമായ പാപ്പ ഇതിന് മുൻപ് 2004-ലും 2013-ലും വിശുദ്ധ അഗസ്റ്റിൻ ഏറെനാൾ ജീവിച്ചിരുന്നതും ഹിപ്പോ എന്ന പേരിൽ മുൻപ് അറിയപ്പെട്ടിരുന്നതുമായ ഈ പുരാതനനഗരത്തിൽ എത്തിയിട്ടുണ്ട്.
മാര്‍പാപ്പ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ശേഷം ആദ്യമായി ലെയോ പാപ്പ തന്റെ ആത്മീയ പിതാവിന്റെ സേവനമണ്ഡലത്തില്‍ എത്തിയപ്പോള്‍ അത് ചരിത്രമുഹൂര്‍ത്തമായി. ഇന്നലെ ഏപ്രിൽ 14 ചൊവ്വാഴ്ച അപ്പസ്തോലിക ന്യൂൺഷ്യേച്ചറിൽനിന്ന് 22 കിലോമീറ്ററുകൾ അകലെയുള്ള അൾജിയേഴ്സ് വിമാനത്താവളത്തിലേക്ക് കാറിൽ എത്തിയ പാപ്പ, അവിടെനിന്ന് ഏതാണ്ട് 440 കിലോമീറ്ററുകൾ യാത്ര ചെയ്താണ് അന്നബായിലെത്തിയത്. റോമൻ സാമ്രാജ്യത്തിന്റെ ഒരു പ്രധാന തീരദേശ നഗരവും സാമ്പത്തിക കേന്ദ്രവുമായിരുന്നു പുരാതന ഹിപ്പോ അഥവാ അന്നബാ. 396 മുതൽ 430-ൽ 75-ാം വയസ്സിൽ മരിക്കുന്നതുവരെ വിശുദ്ധ അഗസ്റ്റിൻ ബിഷപ്പായി സേവനമനുഷ്ഠിച്ച സ്ഥലമാണ് ഇത്.
സന്ദര്‍ശനത്തിനിടെ പുഷ്പചക്രം അർപ്പിച്ച് തന്റെ ആത്മീയ പിതാവ് നടന്നുപോയ ദേശത്തെ പുരാതന കല്ലുകൾക്കിടയിൽ മാർപാപ്പ അൽപ്പനേരം പ്രാർത്ഥിക്കാൻ നിന്നു. വിശുദ്ധ അഗസ്റ്റിന്റെ ജീവിതത്തെ സ്മരിച്ച മാർപാപ്പ, അൾജീരിയൻ മണ്ണിൽ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സന്യസ്തരെയും അനുസ്മരിച്ചു പ്രാർത്ഥിച്ചു. ഒലിവുതൈ നടുകയും ചെയ്തു. പത്രോസിന്റെ പിൻഗാമിയായി വീണ്ടും ഇവിടെ തിരിച്ചെത്താൻ തന്നെ സഹായിച്ച ദൈവിക പരിപാലനയുടെ നിഗൂഢമായ പദ്ധതിക്ക് നന്ദിയുള്ളവനാണെന്നു പാപ്പ പറഞ്ഞു. പിന്നാലെ അന്നബാസ് മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗായകസംഘം സമാധാനത്തെയും സാഹോദര്യത്തെയും കുറിച്ചുള്ള വിശുദ്ധ അഗസ്റ്റിന്റെ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗാനങ്ങൾ ആലപിക്കുന്നത് പാപ്പ കേട്ടു. പാപ്പയുടെ അള്‍ജീരിയന്‍ സന്ദര്‍ശനത്തിന് ഇന്നു സമാപനമാകും.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️



















