India - 2026

‘ജീവൻ ജ്യോതി’ അല്മായ പ്രേഷിത മുന്നേറ്റത്തിന് ആരംഭം

പ്രവാചകശബ്ദം 27-01-2026 - Tuesday

കാക്കനാട്: സുവിശേഷ വൽക്കരണ രംഗത്തു പ്രവർത്തിക്കുന്ന വിവിധങ്ങളായുള്ള മിനിസ്ട്രികളുടെ സംഘാതമായ പ്രവർത്തനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർ സഭയിലെ അല്മായ വിശ്വാസികളെ സുവിശേഷ പ്രഘോഷണത്തിന്റെ മുൻനിരയിലേക്ക് നയിക്കുന്നതിനായി രൂപീകരിച്ച 'ജീവൻ ജ്യോതി' അല്മായ പ്രേഷിത മുന്നേറ്റത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നിർവഹിച്ചു സംസാരിക്കുകയായിരിന്നു മേജർ ആർച്ചുബിഷപ്പ്. സുവിശേഷവൽക്കരണത്തിനായുള്ള കമ്മീഷന്റെ ചെയർമാൻ ആർച്ചുബിഷപ്പ് മാർ പ്രിൻസ് പാണേങ്ങാടൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.

പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പേര്, ലോഗോ, പ്രവർത്തനരേഖ എന്നിവയും ചടങ്ങിൽ പ്രകാശനം ചെയ്തു. ചടങ്ങിന് സീറോ മലബാർ സഭയുടെ സുവിശേഷവൽക്കരണത്തിനായുള്ള കമ്മീഷന്റെ സെക്രട്ടറി റവ. ഡോ. ഫ്രാൻസിസ് എലുവത്തിങ്കൽ നേതൃത്വം നൽകി. 2024 ഓഗസ്റ്റിൽ നടന്ന മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ നിർദ്ദേശപ്രകാരം, 2025 ജനുവരിയിലെ സിനഡ് അംഗീകാരം നൽകിയ ബൃഹത്തായ പദ്ധതിയാണിത്. വിശുദ്ധ തോമാശ്ലീഹായുടെ ശ്ലൈഹിക പാരമ്പര്യം മുറുകെപ്പിടിച്ചുകൊണ്ട്, അല്മായരെ സഭയുടെ പ്രേഷിത പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

"അവനിൽ ജീവൻ ഉണ്ടായിരുന്നു, ആ ജീവൻ മനുഷ്യവർഗത്തിന്റെ വെളിച്ചമായിരുന്നു" (യോഹന്നാൻ 1:4-5) എന്ന തിരുവചനത്തിൽ നിന്നാണ് 'ജീവന്റെ വെളിച്ചം' എന്നർത്ഥം വരുന്ന 'ജീവൻ ജ്യോതി' എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. ഒരു സംഘടന എന്നതിലുപരി ഒരു ആത്മീയ ശൈലിയായിട്ടാണ് 'ജീവൻ ജ്യോതി' വിഭാവനം ചെയ്തിരിക്കുന്നത്. ആത്മീയ ശുശ്രൂഷകൾ, മധ്യസ്ഥ പ്രാർത്ഥന, കാറ്റെക്കിസ്റ്റ്, കെറിഗ്മാറ്റിക്സ്, മ്യൂസിക്-മീഡിയ ഇവാഞ്ചലൈസേഷൻ തുടങ്ങീ വിവിധ മേഖലകളിലായി സംഘടന പ്രവര്‍ത്തിക്കും.

നഴ്‌സുമാർ, ഡോക്ടർമാർ, അധ്യാപകർ, അഭിഭാഷകർ, എഞ്ചിനീയർമാർ എന്നിവരുടെ കൂട്ടായ്മകളും സംഘടനയുടെ ഭാഗമാകും. പ്രവാസി സമൂഹങ്ങൾക്കിടയിലും ഇതര ഭൂഖണ്ഡങ്ങളിലും സുവിശേഷ വെളിച്ചം എത്തിക്കുന്നതിൽ അല്മായരുടെ പങ്കാളിത്തം ഉറപ്പാക്കാനും വ്യക്തിപരമായ സുവിശേഷ പ്രഘോഷണം പ്രോത്സാഹിപ്പിക്കാനുമാണ് ജീവൻ ജ്യോതി ലക്ഷ്യമിടുന്നത്.


Related Articles »