India - 2026

സീറോമലബാർ സഭയുടെ സിനഡ് സമ്മേളനം നാളെ ആരംഭിക്കും

പ്രവാചകശബ്ദം 05-01-2026 - Monday

കൊച്ചി: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിനാലാമത് മെത്രാൻ സിനഡിൻ്റെ ഒന്നാം സമ്മേളനം നാളെ ജനുവരി 6 ന് സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ആരംഭിക്കും. സീറോമലബാർ മെത്രാൻ സിനഡിന്റെ സെക്രട്ടറി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവ് നയിക്കുന്ന ധ്യാന ചിന്തകളോടെ ആയിരിക്കും സിനഡ് സമ്മേളനം ആരംഭിക്കുന്നത്.

സിനഡിന്റെ ആദ്യ ദിവസം ധ്യാനത്തിലും പ്രാർത്ഥനയിലും പിതാക്കന്മാർ ചിലവഴിക്കും. ജനുവരി ഏഴാം തീയതി രാവിലെ 9 മണിക്ക് സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് തിരിതെളിയിച്ചുകൊണ്ടു സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജനുവരി 10 ശനിയാഴ്ച വൈകിട്ട് സിനഡ് സമ്മേളനം സമാപിക്കും.

സീറോമലബാർ സഭാ സിനഡ് ആഹ്വാനം ചെയ്തിരിക്കുന്ന സമുദായ ശക്തീകരണവർഷം 2026 ന്റെ സഭാതലത്തിലുള്ള ഉദ്‌ഘാടനം സിനഡ് പിതാക്കന്മാരുടെയും വൈദിക - സന്യസ്ത- അല്‌മായ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ നാളെ ജനുവരി 6 ചൊവാഴ്ച വൈകിട്ട് 5 :30നു കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് നിർവഹിക്കും.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »