News - 2026

സ്പാനിഷ് ആശ്രമത്തില്‍ സക്രാരി കുത്തി തുറന്ന് തിരുവോസ്തി മോഷ്ടിച്ചു

പ്രവാചകശബ്ദം 03-01-2026 - Saturday

മാഡ്രിഡ്: സ്പെയിനിലെ വല്ലാഡോളിഡിലെ ഹോളി തോൺ ആശ്രമത്തില്‍ സക്രാരി കുത്തി തുറന്ന് തിരുവോസ്തി മോഷ്ടിച്ചു. ഡിസംബർ 28നാണ് ദൈവനിന്ദകരമായ ആക്രമണത്തിന് ആശ്രമ ദേവാലയം വേദിയായത്. സംഭവത്തിന് പിന്നാലേ ലാ സാന്താ എസ്പിനയിലെ ഇടവക വികാരിയായ ഫാ. ഫ്രാൻസിസ്കോ കാസസ് വല്ലാഡോളിഡ് ആർച്ച് ബിഷപ്പും സ്പാനിഷ് എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റുമായ മോൺസിഞ്ഞോർ ലൂയിസ് അർഗുവെല്ലോയെ അറിയിച്ചതിന് ശേഷം, രാത്രി തന്നെ പരാതി നൽകിയിരിന്നു.

1147-ൽ സ്ഥാപിതമായ ക്രിസ്തുവിന്റെ മുള്‍കിരീടത്തിന്റെ ഭാഗം സൂക്ഷിച്ചിരിക്കുന്നതുമായ സന്യാസ ആശ്രമം ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ആക്രമണത്തിന് വിധേയമാകുന്നത്. കുറ്റവാളികൾ മറ്റൊന്നും തൊട്ടില്ലായെന്നും അതിനാൽ അവരുടെ ലക്ഷ്യം കർത്താവായിരുന്നുവെന്നും പ്രത്യേക ഗൗരവമുള്ള കുറ്റകൃത്യമാണെന്നും സഭാനേതൃത്വം വ്യക്തമാക്കി.

തിരുവോസ്തിയോട് കാണിച്ച അനാദരവിന് പരിഹാരമായി ഇന്നു ജനുവരി 3 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ലാ സാന്താ എസ്പിനയിൽ പ്രായശ്ചിത്ത പരിഹാര പ്രാര്‍ത്ഥന നടത്തും. മോൺ. അർഗുവെല്ലോ മുഖ്യകാര്‍മ്മികത്വം വഹിക്കും. പരിഹാര പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്ന് സഭാനേതൃത്വം വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവോസ്തി മോഷണം പോകുന്നതിന് പിന്നിലുള്ളത് വെറും കളവോ മതവിദ്വേഷമോ മാത്രമാണെന്ന് കരുതാന്‍ കഴിയില്ലെന്നും മറിച്ച് സാത്താന്‍ ആരാധനയുമായി ഇവയ്ക്ക് ബന്ധമുണ്ടാകാമെന്ന ആശങ്കയാണ് സഭ പങ്കുവെയ്ക്കുന്നത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍


Related Articles »