India - 2026
ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കുന്ന കോടതി ഇടപെടലുകൾ ആശാവഹം: സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
പ്രവാചകശബ്ദം 16-12-2025 - Tuesday
കൊച്ചി: ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മതപരിവർത്തന നിരോധനനിയമങ്ങളും അതിലെ വകുപ്പുകളുടെ ദുരുപയോഗങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന് സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ വിലയിരുത്തി. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലാപരിധിയിൽ പോലീസ് ഏതാനും ക്രൈസ്തവവിശ്വാസികൾക്കു നേരെ നിർബന്ധിത മതപരിവർത്തന കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്, അവർ ബൈബിൾ കൈവശം വച്ചുവെന്നും വിതരണം നടത്തിയെന്നും മറ്റും ആരോപിച്ചുകൊണ്ടായിരുന്നു. എന്നാൽ യുപി പോലീസിന്റെ നടപടിയും പ്രോസിക്യുട്ടറുടെ വാദങ്ങളും അലഹബാദ് ഹൈക്കോടതിയുടെ നിശിത വിമർശനം ക്ഷണിച്ചുവരുത്തി.
ബൈബിൾ കൈയിൽ സൂക്ഷിച്ചതോ വിതരണം ചെയ്തതോ പ്രാർത്ഥന സമ്മേളനത്തിൽ പങ്കുചേർന്നതോ നിർബന്ധിത മതപരിവർത്തനത്തിന്റെ തെളിവായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബൈബിൾ വിതരണമോ പ്രഘോഷണമോ ഇന്ത്യയിലെ ഏതെങ്കിലും നിയമപ്രകാരം കുറ്റകരമാക്കിയിട്ടില്ലെന്ന് കോടതി സർക്കാർ അഭിഭാഷകനെ ഓർമിപ്പിച്ചു. മതസ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിൽ രാജസ്ഥാൻ സർക്കാർ പാസാക്കിയ മതപരിവർത്തന നിരോധന നിയമത്തിന്റെ ഭരണഘടനാ വിരുദ്ധത ചോദ്യം ചെയ്തുകൊണ്ട് സി ബി സി ഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹർജിയിന്മേൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചിരിക്കുകയാണ്.
വിദ്യാഭ്യാസരംഗത്ത് ഭരണഘടനാ അനുച്ഛേദം 30 പ്രകാരമുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസഅവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള സുപ്രീം കോടതി തീരുമാനവും ഈ ദിവസങ്ങളിൽ പുറത്തു വന്നിട്ടുണ്ട്. പ്രമതി എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ട്രസ്റ്റ് കേസിൽ ബഹു. സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് 2014 ൽ പുറപ്പെടുവിച്ച വിധി പ്രകാരം, 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ചില വകുപ്പുകൾ ന്യൂനപക്ഷ വിദ്യാഭ്യാസ (എയ്ഡഡ് /അൺ എയ്ഡഡ് )സ്ഥാപനങ്ങൾക്ക് ബാധകമല്ല.
എന്നാൽ ഈ വിധി ഭരണഘടനാ വിരുദ്ധമാണെന്നും നിയമത്തിലെ 12(1)(c) ഉൾപ്പെടെയുള്ള വകുപ്പുകൾ ന്യൂനപക്ഷ സ്ഥാപനങ്ങളിലും ബാധകമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരു എൻ.ജി.ഒ. സമർപ്പിച്ച ഹർജി സുപ്രീം കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു തള്ളികളയുകയുണ്ടായി. വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിക്കാനും നടത്തിക്കൊണ്ടുപോകാനും വിദ്യാലയ അച്ചടക്കം ഉറപ്പുവരുത്താനുമുള്ള ന്യൂനപക്ഷ സ്ഥാപനത്തിന്റെ അവകാശത്തിനുമേൽ വിദ്യാഭ്യാസ അവകാശ നിയമം ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് നീക്കങ്ങൾ നടത്തുന്നവർക്കെല്ലാം സുപ്രീം കോടതിയുടെ ഈ ഉത്തരവ് തിരിച്ചടിയാണ്.
ഭാരതത്തിന്റെ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും കാത്തു സംരക്ഷിക്കാൻ ഭരണകൂടങ്ങൾ പ്രതിജ്ഞാബദ്ധമാകണമെന്നും നീതിപീഠങ്ങൾ ഇക്കാര്യത്തിൽ നിരന്തര ജാഗ്രത പുലർത്തണമെന്നും ഇതിനു സഹായകരമായ കോടതി വിധികൾ സ്വാഗതാർഹമാണെന്നും സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ പ്രസ്താവിച്ചു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















