India - 2026
കെസിബിസി പ്രത്യാശയുടെ ജൂബിലി ആഘോഷങ്ങൾക്കു സമാപനം
പ്രവാചകശബ്ദം 13-12-2025 - Saturday
കൊച്ചി: കെസിബിസിയുടെ നേതൃത്വത്തിൽ നടന്ന പ്രത്യാശയുടെ ജൂബിലി ആഘോഷങ്ങൾക്കു സമാപനം. പാലാരിവട്ടം പിഒസിയിൽ ഇന്നലെ നടന്ന സമാപനാഘോഷങ്ങളിൽ കേരളത്തിലെ 32 രൂപതകളിൽനിന്നുള്ള വൈദികർ, സന്യാസിനികൾ, വിശ്വാസികൾ എന്നിവർ പങ്കെടുത്തു. സമൂഹബലിയിൽ കെസിബിസിയുടെ പുതിയ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു. കെസിബിസിയിലെ മെത്രാന്മാരും വിവിധ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും വൈദികരും സഹകാർമികരായി.
കഴിഞ്ഞ വർഷങ്ങളിലെ ദൈവാനു ഗ്രഹങ്ങൾ സ്മരിക്കുകയും സഭയുടെ സുവിശേഷ ദൗത്യത്തിന് പുതുക്കിയ പ്രതിജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. സഭയുടെ ഐക്യം, ദൗത്യബോധം, സുവിശേഷ മൂല്യങ്ങൾ എന്നിവ സമൂഹത്തിൽ സാക്ഷ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം പ്രധാനമാണെന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ സന്ദേശത്തിൽ പറഞ്ഞു. കേരളസഭയുടെ അനുഗ്രഹപാരമ്പര്യത്തോടും സുവിശേഷവത്കരണത്തോടും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളോടുമുള്ള പ്രതിബദ്ധതയെയും ശക്തമായി ഓർമപ്പെടുത്തുന്നതാണ് ജൂബിലിയെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പുമാരായ മാർ പോളി കണ്ണൂക്കാടൻ, ഡോ. അലക്‌സ് വടക്കുംതല എന്നിവർ പ്രസംഗിച്ചു.

















