News - 2026

ഇറാഖില്‍ ക്രിസ്ത്യന്‍ സെമിത്തേരിക്ക് നേരെ ആക്രമണം; ഇടപെടല്‍ ആവശ്യപ്പെട്ട് പാത്രിയാര്‍ക്കീസ്

പ്രവാചകശബ്ദം 06-12-2025 - Saturday

ബാഗ്ദാദ്: ഇറാഖി കുർദിസ്ഥാനിലെ ക്രിസ്ത്യൻ സെമിത്തേരിക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ബാഗ്ദാദിലെ പാത്രിയാർക്കീസ്, കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ. ആക്രമണത്തിന് പിന്നിലുള്ളവരെ അധികാരികൾ കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എർബിൽ പ്രവിശ്യയിലെ കോയ ജില്ലയിലെ ഹർമോട്ട ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന സെമിത്തേരിയ്ക്കു നേരെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആക്രമണം നടന്നത്. അജ്ഞാതരായ വ്യക്തികൾ പന്ത്രണ്ടോളം കല്ലറകള്‍ നശിപ്പിച്ചിരിന്നു. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി മസ്രൂർ ബർസാനിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

ക്രിസ്ത്യാനികൾ ഇതിനകം തന്നെ വിവിധ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും ഇക്കാര്യത്തിൽ, ഇറാഖി കുർദിസ്ഥാൻ അധികാരികളോട് സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദിത്തപ്പെട്ടവരെ നീതിയുടെ മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രിസ്ത്യാനികൾ സംരക്ഷിതരാണെന്ന് തങ്ങൾ അവർക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുകയാണെന്നും അല്ലാത്തപക്ഷം കുടിയേറ്റത്തിന്റെ ഒരു പുതിയ തരംഗം ആരംഭിക്കുമെന്നും കർദ്ദിനാൾ സാക്കോ മുന്നറിയിപ്പ് നൽകി.

ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളും യുദ്ധവും ദുരിതം വിതച്ച ഇറാഖില്‍ ക്രൈസ്തവരുടെ എണ്ണം ഇന്നു കുറഞ്ഞുവരികയാണ്. എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ ഏറ്റവും പുതിയ മത സ്വാതന്ത്ര്യ റിപ്പോർട്ട് അനുസരിച്ച്, 2016 ൽ ഇറാഖി ജനസംഖ്യയുടെ 0.94% ക്രിസ്ത്യാനികളായിരുന്നു. ഇപ്പോൾ 45 ദശലക്ഷം നിവാസികളിൽ 0.3% മാത്രം ക്രൈസ്തവരാണുള്ളത്. സമീപ വർഷങ്ങളിൽ രാജ്യത്തെ ബാധിച്ച യുദ്ധങ്ങളും വടക്കൻ ഇറാഖിന്റെ ഒരു ഭാഗം പിടിച്ചടക്കിയപ്പോൾ ഇസ്ലാമിക് സ്റ്റേറ്റ് ക്രൈസ്തവര്‍ക്കെതിരെ ആരംഭിച്ച മതപരമായ പീഡനങ്ങളുമാണ് ക്രൈസ്തവ ജനസംഖ്യ കുറയാനുള്ള പ്രധാന കാരണങ്ങള്‍.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »