News

2025 റാറ്റ്സിംഗർ പുരസ്കാരം റിക്കാർഡോ മുട്ടിക്ക്

പ്രവാചകശബ്ദം 29-11-2025 - Saturday

വത്തിക്കാന്‍ സിറ്റി: ലോകപ്രശസ്ത ഇറ്റാലിയൻ സംഗീതജ്ഞനായും പ്രമുഖ ഓര്‍ക്കസ്ട്രകളെ നയിച്ചുക്കൊണ്ടും ശ്രദ്ധ നേടിയ റിക്കാർഡോ മുട്ടിക്ക് 2025ലെ റാറ്റ്സിംഗർ പുരസ്കാരം. ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ പേരിലുള്ള ജോസഫ് റാറ്റ്സിംഗര്‍- പോപ്‌ ബെനഡിക്റ്റ് പതിനാറാമന്‍ വത്തിക്കാന്‍ ഫൗണ്ടേഷന്‍ നല്‍കിവരുന്ന ഉന്നത പുരസ്കാരത്തിനാണ് റിക്കാർഡോ മുട്ടിയെ തെരഞ്ഞെടുത്തിരിക്കുന്നത്. ഡിസംബർ 12ന് ബെനഡിക്ട് പാപ്പയുടെ ആദരണാര്‍ത്ഥം വത്തിക്കാനില്‍ നടക്കുന്ന ഒരു സംഗീത പരിപാടിയിൽ, ലെയോ പതിനാലാമൻ മാർപാപ്പ പുരസ്കാരം സമ്മാനിക്കും. ആഴത്തിലുള്ള ദൈവശാസ്ത്ര പാണ്ഡിത്യത്തിനപ്പുറം, ശാസ്ത്രീയ സംഗീതത്തിന്റെ ഒരു വലിയ ആരാധകനും ആസ്വാദകനുമായിരുന്നു ബെനഡിക്ട് പാപ്പ.

സംഗീതത്തിലെ റിക്കാർഡോ മുട്ടിയുടെ കഴിവില്‍ ആകൃഷ്ട്ടനായ ബെനഡിക്ട് പതിനാറാമന്‍ പാപ്പ കലാകാരനോട് പില്‍ക്കാലത്ത് ആദരവ് പ്രകടിപ്പിച്ചിരിന്നു. അസാധാരണമായ ആത്മീയവും സാംസ്കാരികവുമായ മൂല്യം റിക്കാർഡോ മുട്ടിയുടെ സംഗീതങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതായി പാപ്പ പറഞ്ഞിരിന്നു. 2013 ഫെബ്രുവരിയിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗത്തിന് ശേഷം പ്രാർത്ഥനയുടെയും ഏകാന്തതയുടെയും ജീവിതത്തിനായി മാത്തര്‍ എക്ലേസിയേ ആശ്രമത്തിലേക്ക് താമസം മാറിയപ്പോഴും, റിക്കാർഡോയുമായി സൌഹാര്‍ദ്ദം തുടര്‍ന്നിരിന്നു.

1941-ൽ നേപ്പിൾസിൽ ജനിച്ച റിക്കാര്‍ഡോ മുട്ടി, ഒരു പിയാനിസ്റ്റായും ഗായകസംഘാധ്യാപനായും തന്റെ സംഗീത ജീവിതം ആരംഭിച്ചു. പിന്നീട് സംഗീത ഓര്‍ക്കസ്ട്രകളെ നയിക്കുന്ന ലോകത്തിലെ ഏറ്റവും പ്രശസ്തരായ കണ്ടക്ടർമാരിൽ ഒരാളായി മാറുകയായിരിന്നു. ന്യൂയോർക്ക് ഫിൽഹാർമോണിക്, വിയന്ന ഫിൽഹാർമോണിക്, മിലാനിലെ ടീട്രോ അല്ല സ്കാല തുടങ്ങിയ മുൻനിര ഓർക്കസ്ട്രകളെ അദ്ദേഹം നയിച്ചിട്ടുണ്ട്. 1958-1977 കാലയളവില്‍ ജര്‍മ്മനിയില്‍ ദൈവശാസ്ത്ര പ്രൊഫസറായി സേവനം ചെയ്യവേ ബെനഡിക്ട് പതിനാറാമന്‍ പഠിപ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ 2007-ല്‍ തുടങ്ങിയതാണ് റാറ്റ്സിംഗര്‍ ഫൗണ്ടേഷന്‍. ഇവര്‍ ബെനഡിക്ട് പാപ്പയുടെ പേരില്‍ ഓരോ വര്‍ഷവും നല്‍കുന്ന പുരസ്ക്കാരത്തിന് ഇന്ന് വലിയ പ്രാധാന്യമാണുള്ളത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »