News - 2026

ഫ്രാൻസിസ് പാപ്പയുടെ കല്ലറയ്ക്കരികില്‍ പാലസ്തീൻ പ്രസിഡന്‍റ്

പ്രവാചകശബ്ദം 08-11-2025 - Saturday

വത്തിക്കാന്‍ സിറ്റി: റോമിലെ മേരി മേജർ ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പയുടെ കല്ലറയ്ക്കരികിലെത്തി പൂക്കൾ സമര്‍പ്പിച്ച് പാലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്. പാലസ്തീൻ ദേശത്തിനും അവിടുത്തെ ജനങ്ങൾക്കും വേണ്ടി ഫ്രാൻസിസ് പാപ്പ ചെയ്ത കാര്യങ്ങളും, പാലസ്തീനയെ, മറ്റാരുടെയും നിർബന്ധം ഇല്ലാതിരുന്നിട്ടുകൂടി അംഗീകരിച്ചതും തനിക്ക് മറക്കാനാകില്ലെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പ്രസിഡന്‍റ് അനുസ്മരിച്ചു.

ഇതിനു പിന്നാലെ ലെയോ പതിനാലാമൻ പാപ്പ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. നവംബർ ആറാം തീയതി വത്തിക്കാനിൽ നടന്ന സൗഹാർദ്ദപരമായ കൂടിക്കാഴ്ചയിൽ ഗാസയിലെ ജനത്തിന് ലഭിക്കേണ്ട അടിയന്തിരസേവനങ്ങളും, സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിന് വേണ്ട ദ്രുതപരിശ്രമങ്ങളും ചർച്ചാവിഷയമായി. വത്തിക്കാനും പാലസ്തീനുമായുള്ള ആഗോളകരാറിന്റെ പത്താം വാർഷികത്തിലാണ് ഇത്തരമൊരു കൂടിക്കാഴ്ച നടന്നതെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

അപ്പസ്തോലിക കൊട്ടാരത്തിൽ നടന്ന സൗഹാർദ്ധ കൂടിക്കാഴ്ചയിൽ, ഗാസയിലെ സാധാരണ ജനത്തിന് അടിയന്തിര സഹായമെത്തിക്കുന്നതിലുണ്ടാകേണ്ട പ്രാധാന്യവും അത്യാവശ്യവും പ്രത്യേകം ചർച്ച ചെയ്യപ്പെട്ടു. ഗാസ മുനമ്പിലുൾപ്പെടെ ആക്രമണങ്ങൾ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ, ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടതിന്റെയും, അവ അവസാനിപ്പിക്കേണ്ടതിന്റെയും ആവശ്യവും ചർച്ചാവിഷയമായി.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »