India - 2026

മാർ കുര്യാക്കോസ് ഭരണികുളങ്ങര ആർച്ച് ബിഷപ്പായി സ്ഥാനമേറ്റു

പ്രവാചകശബ്ദം 03-11-2025 - Monday

ന്യൂഡൽഹി: സീറോ മലബാർ സഭയുടെ അതിരൂപതയായി ഉയർത്തപ്പെട്ട ഫരീദാബാദിന്റെ പ്രഥമ മെത്രാപ്പോലീത്തയായി നിലവിലെ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഔദ്യോഗികമായി സ്ഥാനമേറ്റു. ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിലെ പ്രത്യേകമായി സജ്ജീകരിച്ച വേദിയിൽ ഇന്നലെ ഉച്ചയ്ക്ക് 2.30 മുതലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകൾ. 2012 മാർച്ച് 6ന് രൂപതയായി പ്രഖ്യാപിക്കപ്പെട്ട ഫരീദാബാദിനെ അതിരൂപതയായി ഉയർത്തുന്ന ചടങ്ങുകൾക്ക് സാംസ്കാരിക രാഷ്ട്രീയ നേതാക്കളുൾപ്പെടെ ആയിരങ്ങൾ സാക്ഷികളായി.

സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിൽ സ്ഥാനാരോഹണ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ഡൽഹി അതിരൂപത അധ്യക്ഷനും സിബിസിഐ സെക്രട്ടറി ജനറലുമായ ഡോ. അനിൽ കൂട്ടോ, തലശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാംബ്ലാനി, ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ തുടങ്ങിയവർ സഹ കാർമികരായി. അതിരൂപത സഹായ മെത്രാൻ ജോസ് പുത്തൻവീട്ടിൽ ചടങ്ങുകൾക്ക് സ്വാഗതം ആശംസിച്ചു. ഫരീദാബാദിനെ അതിരൂപതയായി ഉയർത്തിക്കൊണ്ടുള്ള സീറോ മലബാർ മെത്രാൻ സിനഡിൻ്റെ ഉത്തരവും, മാർ കുര്യാക്കോസ് ഭരണികുളങ്ങരയെ ആർച്ച് ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള നിയമന പത്രവും ചടങ്ങിൽ വായിച്ചു.

അതിരൂപത കത്തീഡ്രൽ വികാരിയായ ഫാ. റോണി തോപ്പിലാൻ, ചാൻസലർ ഫാ. ഏബ്രഹാം കാവിൽപുരയിടം എന്നിവരാണ് നിയമന ഉത്തരവുകൾ വായിച്ചത്. തുടർന്ന് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ പ്രധാന കാർമികത്വത്തിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാന യിൽ ഇരുപത്തേഴ് മെത്രാന്മാരും നൂറോളം വൈദികരും സന്യസ്‌തരും ഉൾപ്പെടെ ഫരീദാബാദ് അതിരൂപതയുടെ വിവിധ ഇടവകകളിൽ നിന്നുള്ള രണ്ടായിരത്തിലേറെ വിശ്വാസികൾ പങ്കെടുത്തു. ന്യൂൺഷ്യോയുടെ പ്രത്യേക പ്രതിനിധിയായി മോൺ. ആന്ദ്രേയ ഫ്രാൻസിസും ചടങ്ങുകൾക്ക് സാക്ഷിയായി.


Related Articles »