India - 2026

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാന്റെ പ്രസ്താവനയെ അപലപിച്ച് ലത്തീൻ സഭ

പ്രവാചകശബ്ദം 02-11-2025 - Sunday

കൊച്ചി: കേരളത്തിലെ മുസ്‌ലിംകൾക്കും ക്രൈസ്‌തവർക്കും മതാടിസ്ഥാനത്തിൽ സാമുദായിക സംവരണം നൽകുന്നുണ്ടെന്ന ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ഹൻസ്രാജ് അഹാറിന്റെ പ്രസ്‌താവന പ്രതിഷേധാർഹമെന്നു കെആർഎൽസിസി വൈസ് പ്രസിഡൻറും ലത്തീൻ സമുദായ വക്താവുമായ ജോസഫ് ജൂഡ്. ഭരണഘടനയിൽ ഒരിടത്തും മതാടിസ്ഥാനത്തിലുള്ള സംവരണത്തെക്കുറിച്ച് പറയുന്നില്ല. ഭരണഘടനപ്രകാരം വിദ്യാഭ്യാസം, ഉദ്യോഗം എന്നീ മേഖലകളിൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത പിന്നാക്ക ജനവിഭാഗങ്ങൾക്കു മതിയായ പ്രാതിനിധ്യവും നീതിയും ലഭിക്കുന്നതിന് ഏർപ്പെടുത്തപ്പെട്ടിട്ടുള്ളതാണ് സാമുദായിക സംവരണം. ഇതനുസരിച്ചാണ് രാജ്യത്തെ പട്ടിക ജാതി, പട്ടിക വർഗ, മറ്റു പിന്നാക്ക വിഭാഗങ്ങൾക്കു സാമുദായിക സംവരണം ലഭിച്ചുവരുന്ന ത്. അല്ലാതെ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല സംവരണം ലഭിക്കുന്നത്.

കേരളത്തിലെ ക്രൈസ്‌തവരിൽ മുന്നാക്ക ക്രൈസ്‌തവരും ദളിത് - ആദിവാസി ക്രൈസ്‌തവർ ഉൾപ്പെടെയുള്ള പിന്നാക്ക ക്രൈസ്ത‌വരുമുണ്ട്. ഇവരിൽ മുന്നാക്ക ക്രൈസ്‌തവർക്ക് സാമുദായിക സംവരണമില്ല. അവർക്കു ലഭിക്കുന്നത് ഇഡബ്ല്യുസ് സംവരണമാണ്. ആദിവാസി ക്രൈസ്‌തവർക്ക് എസ്‌ടി സംവരണം ലഭിക്കുന്നുണ്ട്. ഇതര പിന്നാക്ക ക്രൈസ്തവർക്കാണു ഒബിസി സംവരണം ലഭിക്കുന്നത്. ഇതിൽ ദളിത് ക്രൈസ്‌തവർക്കു എസ്‌സി പദവി ലഭിക്കുന്നതിനുള്ള കേസി ന്റെ വിചാരണ സുപ്രീംകോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം അടിസ്ഥാനകാര്യങ്ങൾ അറിയാത്ത ഒരാളാണു ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാനെന്നു കരുതാനാകില്ല. അദ്ദേഹത്തിന്റെ പ്രസ്‌താവനയിൽ മറ്റേതെങ്കിലും ഗൂഢ താത്പര്യങ്ങൾ ഉണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജോസഫ് ജൂഡ് പറഞ്ഞു.


Related Articles »