News
ലെയോ പാപ്പയുടെ അംഗീകാരത്തോടെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പരമ്പരാഗത ലത്തീന്‍ ദിവ്യബലി അര്‍പ്പണം
പ്രവാചകശബ്ദം 27-10-2025 - Monday
വത്തിക്കാൻ സിറ്റി: ലെയോ പാപ്പയുടെ പ്രത്യേക അംഗീകാരത്തോടെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പരമ്പരാഗത ലാറ്റിൻ ദിവ്യബലി അര്‍പ്പണം നടന്നു. നൂറുകണക്കിന് വൈദികരും വിശ്വാസികളും പങ്കെടുത്ത വിശുദ്ധ കുര്‍ബാനയില്‍ യുഎസ് കർദ്ദിനാൾ റെയ്മണ്ട് ബർക്ക് മുഖ്യകാര്‍മ്മികനായി. 1962-ലെ ട്രെഡന്റൈൻ പാരമ്പര്യത്തിലുള്ള അസാധാരണ ദിവ്യബലി ക്രമം അനുസരിച്ച് സഭയിലെ ഏതു വൈദികന് വേണമെങ്കിലും ദിവ്യബലി അർപ്പിക്കാനുള്ള അവകാശം അനുവദിച്ചു നൽകുന്ന വിധത്തിൽ നയം വ്യക്തമാക്കി 2007ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ‘സമോറം പൊന്തിഫിക്കം’ എന്ന പേരിൽ അപ്പസ്തോലിക ലേഖനം പുറത്തിറക്കിയിരുന്നു.
സ്വര്‍ഗ്ഗീയ അനുഭൂതി പകരുന്ന പരമ്പരാഗത ലാറ്റിൻ ദിവ്യബലി അര്‍പ്പണത്തിന് ലോകമെമ്പാടും വലിയ സ്വീകാര്യത ലഭിച്ചിരിന്നു. 2021 ജൂലൈ പതിനാറാം തീയതി ഫ്രാൻസിസ് മാർപാപ്പ ട്രഡീഷനിസ് കസ്റ്റോഡിസ് എന്ന പേരിൽ വൈദികർക്ക് പരമ്പരാഗത ലത്തീൻ ദിവ്യബലി അർപ്പിക്കുന്നതിൽ പരിധികൾ നിശ്ചയിച്ചുകൊണ്ട് മോട്ടു പ്രോപ്രിയോ (സ്വയാധികാര പ്രബോധനം) പുറത്തിറക്കിയിരിന്നു. ഇതില്‍ നിരവധി വിശ്വാസികളും വൈദികരും ആശങ്ക പ്രകടിപ്പിച്ചിരിന്നു. ഫ്രാന്‍സിസ് പാപ്പയുടെ കാലയളവില്‍ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും, 2021 ലും 2022ലും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പരമ്പരാഗത കുർബാന നടത്താൻ അനുമതിയുണ്ടായിരുന്നു.
പരമ്പരാഗത ലാറ്റിൻ കുർബാന അര്‍പ്പണം ആരാധനാ പാരമ്പര്യത്തിന്റെ തുടർച്ചയായും സഭയ്ക്കുള്ളിലെ ഐക്യത്തിന്റെ ഒരു നിമിഷമായും നിലകൊള്ളുകയാണെന്നും അനുവദിച്ച ലെയോ പാപ്പയ്ക്കു നന്ദി അര്‍പ്പിക്കുകയാണെന്നും യുഎന്‍എ വോക് ഇന്‍റര്‍നാഷ്ണല്‍ സംഘടനയുടെ പ്രസിഡന്റ് ജോസഫ് ഷാ പറഞ്ഞു. ലെയോ പതിനാലാമൻ മാർപാപ്പ തിരുസഭയുടെ പരമാധ്യക്ഷനായി അധികാരത്തിലേറിയ ശേഷമുള്ള ആദ്യത്തെ പരമ്പരാഗത ലത്തീന്‍ ആരാധനക്രമത്തിനാണ് കഴിഞ്ഞ ദിവസം വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്ക വേദിയായത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?


















