India - 2026
പള്ളുരുത്തി സെന്‍റ് റീത്താസ് സ്‌കൂളിൽ നടന്ന അതിക്രമത്തെ അപലപിച്ച് കെസിവൈഎം
പ്രവാചകശബ്ദം 14-10-2025 - Tuesday
കൊച്ചി: പള്ളുരുത്തി സെന്റ്റ് റീത്താസ് പബ്ലിക് സ്‌കൂളിൽ നടന്ന അതിക്രമത്തെയും അക്രമികൾ സ്‌കൂളിൽ സൃഷ്ടിക്കാൻ ശ്രമിച്ച ഭീകരാന്തരീക്ഷത്തെയും കെസിവൈഎം (ലാറ്റിൻ) അപലപിച്ചു. മതപരമായ ചിഹ്നം യൂണിഫോമിൻ്റെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട്, സ്കൂളിന്റെ നിയമങ്ങൾ ലംഘിച്ച് ഒരുകൂട്ടം വർഗീയവാദികൾ സ്‌കൂളിലേക്ക് അതിക്രമിച്ചുകയറി ബഹളമുണ്ടാക്കിയത് തികച്ചും പ്രതിഷേധാർഹമാണ്.
വിദ്യാഭ്യാസം, അച്ചടക്കം, മതേതരമായ അന്തരീക്ഷം എന്നിവയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം യാതൊരു കാരണവശാലും അനുവദിക്കാനാവില്ല. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സമാധാനപരമായ അന്തരീക്ഷം നിലനിർത്താനും അധികാരികൾ ശ്രദ്ധിക്കണമെന്നും കെസിവൈഎം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം ഏതായിരിക്കണമെന്നു നിശ്ചയിക്കുന്ന തിന് മാനേജ്മെന്റ്റിന് പൂർണ അധികാരമുണ്ടെന്ന് നേരത്തേ കേരള ഹൈക്കോടതി വിധിയുണ്ട്. 2018 ൽ ജസ്റ്റീസ് മുഹമ്മദ് മുഷ്‌താഖാണ് ഈ വിഷയത്തിലുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കർണാടക ഹൈക്കോടതിയിൽനിന്ന് 2022ൽ സമാനമായ ഉത്തരവുണ്ടായിരുന്നു.

















