India
നാമകരണ ദിനത്തില്‍ വിശുദ്ധ കാര്‍ളോയുടെ പേരിലുള്ള ദേവാലയം വരാപ്പുഴ അതിരൂപതയില്‍ കൂദാശ ചെയ്തു
പ്രവാചകശബ്ദം 08-09-2025 - Monday
കൊച്ചി: തിരുസഭ ചരിത്രത്തിലെ സൈബർ ലോകത്തെ വിശുദ്ധൻ എന്നറിയപ്പെടുന്ന കാർളോ അക്യുട്ടിസിനെ വിശുദ്ധനായി ലെയോ പതിനാലാമൻ പാപ്പ പ്രഖ്യാപിച്ച അതേ ദിനത്തിൽ വരാപ്പുഴ അതിരൂപതയില്‍ വിശുദ്ധന്റെ നാമധേയത്തിലുള്ള ദേവാലയം കൂദാശ ചെയ്തു. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിലാണ് പള്ളിക്കരയിൽ വിശുദ്ധ കാര്‍ളോയുടെ നാമധേയത്തില്‍ നിര്‍മ്മിച്ച ദേവാലയം ആശീർവദിച്ചത്.
നവീന സാങ്കേതികവിദ്യയിലും ആത്മീയതയിലും താൽപര്യവുമുള്ള യുവജനങ്ങൾക്കു വിശുദ്ധൻ്റെ ജീവിതം പ്രചോദനമാകുമെന്നും ഇതിനു ദേവാലയം കരുത്തേകുമെന്നും വരാപ്പുഴ അതിരൂപത പ്രത്യാശ പ്രകടിപ്പിച്ചു. വികാർ ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, ഫാ. സോജൻ മാളിയേക്കൽ, ഇടവ വികാരി ഫാ. റോക്കി കൊല്ലംപറമ്പിൽ, ഫെറോനാ വികാരി ഫാ. പാട്രിക് ഇലവുങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.

















