News
അമേരിക്കയില്‍ ഏറെ ചര്‍ച്ചയായ ഭൂതോച്ചാടനത്തെ കേന്ദ്രമാക്കി നിര്‍മ്മിച്ച 'ദ റിച്വല്‍' ഇന്ത്യന്‍ തീയേറ്ററുകളിലും
പ്രവാചകശബ്ദം 12-06-2025 - Thursday
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ അയോവയില്‍ ഏറെ ചര്‍ച്ചയായ കത്തോലിക്ക ഭൂതോച്ചാടന സംഭവത്തെ കേന്ദ്രമാക്കി നിര്‍മ്മിച്ച സിനിമ 'ദ റിച്വല്‍' പ്രേക്ഷക ശ്രദ്ധ നേടുന്നു. ഭൂതോച്ചാടന സംഭവങ്ങളെ ചലച്ചിത്രമാക്കുമ്പോള്‍ സാധാരണയായി കത്തോലിക്ക വിശ്വാസ സംബന്ധമായ കാര്യങ്ങളെ വളച്ചൊടിക്കുന്നത് പതിവാണെങ്കിലും 'ദ റിച്വല്‍' സിനിമ യഥാര്‍ത്ഥ സംഭവവുമായും കത്തോലിക്ക വിശ്വാസവുമായും പൂര്‍ണ്ണ നീതി പുലര്‍ത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അൽ പാസിനോ, ഡാൻ സ്റ്റീവൻസ്, ആഷ്ലി ഗ്രീൻ, പട്രീഷ്യ ഹീറ്റൺ എന്നിവർ അഭിനയിച്ചിരിക്കുന്ന "ദി റിച്വൽ" ജൂൺ ആറിനാണ് തിയേറ്ററുകളിൽ പ്രദര്‍ശനം ആരംഭിച്ചത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും സിനിമയുടെ പ്രദര്‍ശനം നടക്കുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലും ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും പിവിആര്‍ സ്ക്രീനുകള്‍ മുഖേനയാണ് പ്രദര്‍ശനം നടക്കുന്നത്.
സിനിമയ്ക്കു ആസ്പദമായ യഥാര്‍ത്ഥ സംഭവം
1928-ലാണ് സംഭവം നടക്കുന്നത്. അമേരിക്കന്‍ സംസ്ഥനമായ അയോവയിലെ ഏർലിംഗിലുള്ള സെന്റ് ജോസഫ ഇടവക ദേവാലയത്തിലെ വൈദികനായ ഫാ. ജോസഫ് സ്റ്റീഗറിനെ ഏതാനും പേര് സമീപിക്കുകയായിരിന്നു. പെട്ടെന്ന് അചേതനാവസ്ഥയിലാകുക, വിശുദ്ധ വസ്തുക്കളോടു വെറുപ്പ് പ്രകടിപ്പിക്കുക, ഭയാനകമായ പ്രതികരണങ്ങള്‍ നടത്തുക തുടങ്ങീ നിരവധി സ്വഭാവ വൈകല്യങ്ങള്‍ പ്രകടിപ്പിക്കുന്ന 46 വയസ്സുള്ള എമ്മ ഷ്മിഡ്റ്റ് എന്ന സ്ത്രീയുടെ കാര്യം സൂചിപ്പിക്കാനായിരിന്നു അവര്‍ എത്തിയത്. വർഷങ്ങളോളം നീണ്ടുനിന്ന മനശാസ്ത്ര ചികിത്സ എമ്മയ്ക്കു യാതൊരു ആശ്വാസവും നൽകിയില്ലെന്നും അവര്‍ വൈദികനെ അറിയിച്ചു.
വിഷയത്തിന്റെ ഗൌരവം മനസിലാക്കിയ ഫാ. ജോസഫ്, ഭൂതോച്ചാടനമായിരിക്കും ഫലപ്രദമെന്ന് മനസിലാക്കി. മെത്രാന്റെ അനുമതിയോടെ കപ്പുച്ചിൻ സന്യാസിയായ ഫാ. തിയോഫിലസ് റീസിംഗറിനെയാണ് ഭൂതോച്ചാടനത്തിന് സമീപിച്ചത്. സ്റ്റീഗർ സഹായിയായി പ്രവര്‍ത്തിച്ചു. നീണ്ട 23 ദിവസം ഇവര്‍ നടത്തിയ ആത്മീയ പോരാട്ടത്തിനുശേഷമാണ്, ഷ്മിഡ് കൊടിയ ബന്ധനത്തില്‍ നിന്നു മോചിതയായത്. ഇതിന് ശേഷം ഇവര്‍ പൂര്‍ണ്ണമായി സ്വഭാവിക ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിന്നു. ഈ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അമേരിക്കൻ ചരിത്രത്തില്‍ ഏറ്റവും സമഗ്രമായി രേഖപ്പെടുത്തപ്പെട്ടതും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതുമായ സംഭവമാണ് ഷ്മിഡിന്റെ ഭൂതോച്ചാടനം.
മിസിസിപ്പിയിലെ നാറ്റ്ചെസിലുള്ള സെന്റ് മേരീസ് ബസിലിക്കയുടെ റെക്ടര്‍ ഫാ. ആരോൺ വില്യംസ് എന്ന വൈദികനാണ് ചിത്രത്തിന്റെ കൺസൾട്ടന്റായി പ്രവര്‍ത്തിച്ചത്. സെന്റ് മേരീസ് ബസിലിക്കയിൽ ചിത്രീകരണം നടത്താൻ അനുമതി ലഭിക്കുമോ എന്ന് ചോദിച്ചാണ് സിനിമാ നിർമ്മാതാക്കൾ ആദ്യം തന്നെ സമീപിച്ചതെന്നും തിരക്കഥയും പശ്ചാത്തലവും എല്ലാം ശ്രദ്ധേയമായി തോന്നിയെന്നും അങ്ങനെയാണ് സിനിമയുടെ ഭാഗമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കത്തോലിക്ക വിശ്വാസത്തോട് നീതിപുലര്‍ത്തുന്ന വിധത്തിലാണ് 'ദ റിച്വല്‍' സിനിമ നിര്‍മ്മിച്ചതെന്ന അഭിപ്രായവുമായി നിരവധി വൈദികര്‍ യൂട്യൂബിലും മറ്റും റിവ്യൂ വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

















