India - 2025
ജോസഫ് മാർ ഗ്രിഗോറിയോസ് ഇനി ശ്രേഷ്ഠ കാതോലിക്കാ മാർ ബസേലിയോസ് ജോസഫ് ബാവാ
പ്രവാചകശബ്ദം 26-03-2025 - Wednesday
ബെയ്റൂട്ട് (ലെബനോൻ): യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കായായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിനെ വാഴിച്ചു. അന്ത്യോഖ്യാ സഭാ പാരമ്പര്യമനുസരിച്ച് അദ്ദേഹം ഇനി ശ്രേഷ്ഠ കാതോലിക്കാ മാർ ബസേലിയോസ് ജോസഫ് ബാവാ എന്നപേരിൽ അറിയപ്പെടും. സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായാണ് കാതോലിക്കായെ വാഴിക്കുന്ന ശുശ്രൂഷകളിൽ മുഖ്യകാർമികത്വം വഹിച്ചത്.
ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിനടുത്ത് അച്ചാനെയിലെ പാത്രിയാർക്കാ അരമനയോടു ചേർന്നുള്ള സെൻ്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് പാത്രിയാർക്കാ കത്തീഡ്രലിൽ ഇന്നലെയായിരുന്നു കാതോലിക്കാ വാഴിക്കൽ ചടങ്ങുകൾ നടന്നത്. തുടർന്ന് പാത്രിയാർക്കീസ് ബാവാ കാതോലിക്കായെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. പൗരാണിക വിശ്വാസാചാരങ്ങളുടെ തനിമയോടെ, പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള അചഞ്ചല വിശ്വാസ പ്രഖ്യാപനമായി മാറിയ ചടങ്ങിൽ ആഗോള സുറിയാനി സഭയിലെ രണ്ടാം സ്ഥാനക്കാരൻ എന്ന പദവിയിലേക്കുകൂടിയാണ് കാതോലിക്കാ ബാവാ ഉയർത്തപ്പെട്ടത്.
ഇന്ത്യൻ സമയം ഇന്നലെ രാത്രി 8.30നാണ് ശുശ്രൂഷ കൾ തുടങ്ങിയത്. സഭയിലെ വിവിധ മേലധ്യക്ഷന്മാർ സഹകാർമികരായിരുന്നു. ഇതര സഭകളിലെ മേ ലധ്യക്ഷന്മാരും പുരോഹിതരും ഇന്ത്യയിൽനിന്ന് കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികളും നൂറുകണക്കിന് വിശ്വാസികളും ശ്രേഷ്ഠ കാതോലിക്കായുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. സന്ധ്യാപ്രാർഥനയോടെ ആരംഭിച്ച ചടങ്ങ് രണ്ടു മണിക്കൂർ നീണ്ടു. ഇന്ന് ആഗോള സുറിയാനി സഭയുടെ സൂനഹദോസ് ബെയ്റൂട്ടിൽ ചേരും.

















